അണ്ണാ ദ്രാവിഡ മുന്നേറ്റ കഴകം അവകാശ തര്‍ക്ക കേസില്‍ തമിഴ്‌നാട് മുന്‍ മുഖ്യമന്ത്രി ഒ പനീര്‍ശെല്‍വത്തിന് തിരിച്ചടി. എഐഎഡിഎംകെയുടെ പേരും ചിഹ്നവും പതാകയും ഡെപ്യൂട്ടി കോ-ഓര്‍ഡിനേറ്റര്‍ പദവിയും ഉപയോഗിക്കുന്നതിനുള്ള വിലക്ക് നീക്കണമെന്നാവശ്യപ്പെട്ട് നല്‍കിയ അപ്പീല്‍ മദ്രാസ് ഹൈക്കോടതി തള്ളി. ഒപിഎസ്സിന് ഏര്‍പ്പെടുത്തിയ വിലക്ക് തുടരുമെന്ന് ഡിവിഷന്‍ ബെഞ്ച് ഉത്തരവ്.
നേരത്തെ പാര്‍ട്ടി പേരും കൊടിയും ചിഹ്നവും ഉപയോഗിക്കുന്നത്തില്‍ നിന്ന് ഒ.പനീര്‍ശെല്‍വത്തെ തടയണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവും എഡിഎംകെ ജനറല്‍ സെക്രട്ടറിയുമായ എടപ്പാടി പളനിസ്വാമിയാണ് ചെന്നൈ ഹൈക്കോടതിയെ സമീപിച്ചത്. ഹൈക്കോടതി ജസ്റ്റിസ് സതീഷ്‌കുമാര്‍ മുമ്പാകെയാണ് ഹര്‍ജിയില്‍ വാദം നടന്നത്. പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയ ശേഷവും ഒ.പനീര്‍സെല്‍വം ഔദ്യോഗിക ലെറ്റര്‍ പാഡ് അടക്കം ഉപയോഗിക്കുന്നുടെന്നായിരുന്നു പളനിസ്വാമിയുടെ വാദം.
അണ്ണാ ഡിഎംകെയില്‍ നിന്ന് പുറത്താക്കിയ നടപടി നിയമവിരുദ്ധമാണെന്നും പാര്‍ട്ടിയുടെ പേര് ഉപയോഗിക്കാന്‍ അനുമതി നല്‍കണമെന്നും ആവശ്യപ്പെട്ടാണ് ഒപിഎസ് ഹര്‍ജി നല്‍കിയത്. ഹൈക്കോടതി സിംഗിള്‍ ബെഞ്ച് ഹര്‍ജി തള്ളിയ സാഹചര്യത്തിലാണ് ഡിവിഷന്‍ ബെഞ്ചിനെ സമീപിച്ചത്. ജസ്റ്റിസുമാരായ ആര്‍ മഹദേവന്‍, മുഹമ്മദ് ഷെഫീഖ് എന്നിവരാണ് കേസ് പരിഗണിച്ചത്.