ഇന്ന്… ഇന്ത്യയിലെ തന്നെ ഏറ്റവും താരമൂല്യമുള്ള സൂപ്പര്‍ താരമാണ് തമിഴ് താരം ദളപതി വിജയ്. ഏറ്റവും ഒടുവില്‍ പുറത്തിറങ്ങാന്‍ പോകുന്ന ബീസ്റ്റ് എന്ന സിനിമയ്ക്ക് അദ്ദേഹം പ്രതിഫലമായി വാങ്ങിയത് നൂറു കോടി രൂപയാണ് എന്നാണ് പുറത്തു വരുന്ന റിപ്പോര്‍ട്ടുകള്‍. രാജ്യത്തെ മറ്റേതു താരം ഇത്രയും വലിയ പ്രതിഫലം വാങ്ങുന്നുണ്ട് എന്ന ചോദ്യം പ്രസക്തമാകുന്നതും ഇവിടെയാണ്.ഇന്ത്യയ്ക്ക് പുറമെ… മലേഷ്യ സിംഗപ്പൂര്‍ ശ്രീലങ്ക അമേരിക്ക ബ്രിട്ടണ്‍ തുടങ്ങി…ഗള്‍ഫ് രാജ്യങ്ങളില്‍ ഉള്‍പ്പെടെ വലിയ പ്രേക്ഷക പിന്തുണയാണ് ദളപതിയ്ക്കുള്ളത്. ഈ ചെറിയ പ്രായത്തില്‍ ഇത്രയും ഡിമാന്റ് വിജയ് എന്ന നടന് വരുമെന്നത് സിനിമാ മേഖലയിലെ ഉന്നതര്‍ പോലും പ്രതീക്ഷിക്കാത്ത കാര്യമാണ്.
വാങ്ങുന്ന പ്രതിഫലത്തില്‍ നല്ലൊരു ഭാഗവും ചാരിറ്റിക്ക് ചിലവഴിക്കുന്ന താരമായതിനാല്‍ ദളപതിയുടെ ജനപ്രീതി വലിയ രൂപത്തില്‍ വര്‍ദ്ധിക്കാനും കാരണമായിട്ടുണ്ട്. മോഹന്‍ലാലും മമ്മുട്ടിയും നിറഞ്ഞു നില്‍ക്കുന്ന മലയാള സിനിമയില്‍ അതുപോലെ ശക്തമായി നിലനില്‍ക്കാന്‍ കഴിയുന്ന ഏക മറുനാടന്‍താരവും ദളപതി വിജയ് ആണ്. മലയാളം സൂപ്പര്‍ സ്റ്റാറുകളുടെ സിനിമയ്ക്ക് ലഭിക്കുന്ന ഓപ്പണിങ്ങിനും അപ്പുറമുള്ള ആവേശമാണ് വിജയ് സിനിമകള്‍ക്ക് നിലവില്‍ ലഭിച്ചു വരുന്നത്. ബീസ്റ്റിനു ലഭിക്കാന്‍ പോകുന്നതും അതു തന്നെയാണ്. മമ്മുട്ടിയുടെയും മോഹന്‍ലാലിന്റെയും ആരാധകര്‍ ഉള്‍പ്പെടെ ദളപതിയുടെ ആരാധകരാണ് എന്നതാണ് ഇത്രയധികം ആരാധകരെ കേരളത്തിലും അദ്ദേഹത്തിനു സൃഷ്ടിച്ചു കൊടുത്തിരിക്കുന്നത്.
ഇതോടൊപ്പം തന്നെ ശത്രുക്കള്‍ ഏറ്റവും അധികം രാജ്യത്തുള്ളതും ദളപതിക്കു തന്നെയാണ്. അദ്ദേഹത്തിന്റെ ഓരോ സിനിമ പുറത്തിറങ്ങുമ്പോഴും ആ ശത്രുതയും അതോടൊപ്പം ‘ഉദയം’ ചെയ്യാറുണ്ട്. സമീപകാലത്തിറങ്ങിയ വിജയ് സിനിമകളില്‍ കേന്ദ്ര സര്‍ക്കാറിനെതിരെ വിമര്‍ശനമുണ്ടായപ്പോള്‍ അതിനെതിരെ ആഞ്ഞടിച്ചു രംഗത്ത് വന്നിരുന്നത് ബി.ജെ.പിയാണ്. വിജയ് യുടെ ‘മതം’ ചോദ്യം ചെയ്യുന്ന ചര്‍ച്ചയ്ക്ക് പരസ്യമായി വഴിമരുന്നിട്ടത് ബി.ജെ.പിയുടെ ഒരു അഖിന്ത്യാ സെക്രട്ടറി തന്നെയാണ്. വിജയ് യുടെ കോലം കത്തിക്കാന്‍ ബി.ജെ.പി പ്രവര്‍ത്തകര്‍ മാത്രമല്ല അണ്ണാ ഡി.എം.കെ പ്രവര്‍ത്തകരും രംഗത്തിറങ്ങിയതും സമീപ കാല കാഴ്ചകളാണ്.കൂടാതെ ആദായ നികുതിവകുപ്പ് ഉദ്യോഗസ്ഥരെ അണിനിരത്തിയ റെയ്ഡും രാജ്യം നേരിട്ടു കണ്ടതാണ്. അന്നെല്ലാം ബി.ജെ.പി ആവശ്യപ്പെട്ട കാര്യം തന്നെയാണ് ഇത്തവണ മുസ്ലീംലീഗും ആവശ്യപ്പെട്ടിരിക്കുന്നത്. വിജയ് സിനിമയുടെ പ്രദര്‍ശനം തടയണമെന്നതാണ് ഇവരുടെയും പ്രധാന ആവശ്യം. ഈ ആവശ്യം ഉന്നയിച്ച് ലീഗ് സംസ്ഥാന അധ്യക്ഷന്‍ തന്നെ ആഭ്യന്തര സെക്രട്ടറിക്ക് പരാതി നല്‍കിയിരിക്കുകയാണ്.
‘ബീസ്റ്റില്‍’ ഇസ്ലാം മതവിശ്വാസികളെ തീവ്രവാദികളായി ചിത്രീകരിച്ചിട്ടുണ്ടെന്നാണ് മുസ്ലീം ലീഗ് നേതൃത്വം ആരോപിക്കുന്ന കാരണം. ഇതിനാലാണ് പ്രദര്‍ശന വിലക്കെന്ന ആവശ്യം അവര്‍ ഉന്നയിച്ചിരിക്കുന്നത്. ബോംബാക്രമണത്തിനും വെടിവെപ്പുകള്‍ക്കും പിന്നില്‍ മുസ്ലീംമുകള്‍ മാത്രമാണെന്ന തരത്തില്‍ സിനിമകളില്‍ വളച്ചൊടിക്കപ്പെടുന്നത് ഖേദകരമാണെന്നും തമിഴ് നാട് മുസ്ലിം ലീഗ് ആരോപിച്ചിട്ടുണ്ട്.
‘ബീസ്റ്റ്’ പ്രദര്‍ശനത്തിനെത്തിയാല്‍ അത് ‘അസാധാരണ’ സാഹചര്യത്തിലേക്കു നയിക്കുമെന്നും ആഭ്യന്തര സെക്രട്ടറിക്ക് അയച്ച കത്തില്‍ തമിഴ് നാട് ലീഗ് നേതാക്കള്‍ മുന്നറിയിപ്പു നല്‍കിയിട്ടുണ്ട്. മുസ്ലിം വിരുദ്ധ പരാമര്‍ശങ്ങളുടെ പേരില്‍ ‘ബീസ്റ്റ് ‘ കുവൈത്തില്‍ നിരോധിച്ച കാര്യവും ഈ പരാതിയില്‍ അവര്‍ പ്രത്യേകം ചൂണ്ടിക്കാട്ടിയിട്ടുണ്ട്.
ഇതൊരു തരം ഭീഷണിയാണ്…. ഇന്നലെ ബി.ജെ.പിയാണ് അത് ഉയര്‍ത്തിയതെങ്കില്‍ ഇത്തവണ ലീഗാണ് ചെയ്യുന്നതെന്ന വ്യത്യാസം മാത്രമാണുള്ളത്. തമിഴ് നാട്ടിലെ നിലപാടാണോ കേരളത്തില്‍ ലീഗിനു ഉള്ളത് എന്നതും നാടിനു അറിയേണ്ടതുണ്ട്. ജോണ്‍ എബ്രഹാമിന്റെ ”അറ്റാക്ക് ” എന്ന സിനിമ പറയുന്നതും തീവ്രവാദത്തിനെതിരെയാണ്. അടുത്തയിടെ പുറത്തിറങ്ങിയ ‘കശ്മീര്‍ ഫയല്‍സും’ തീവ്രവാദത്തെ തുറന്നു കാട്ടിയ സിനിമകളാണ്. കശ്മീര്‍ ഫയല്‍സിനെ പരസ്യമായാണ് സംഘ പരിവാര്‍ പിന്തുണച്ചിരിക്കുന്നത്. അറ്റാക്ക് സിനിമയിലെ നായകനാകട്ടെ ബി.ജെ.പി അനുഭാവിയുമാണ്. ഇപ്പോഴും നിറഞ്ഞ സദസ്സിലാണ് ഈ രണ്ടു സിനിമകളും പ്രദര്‍ശിപ്പിച്ചു വരുന്നത്.
ഈ സിനിമകളെ തടയാന്‍ തയ്യാറാവാത്തവര്‍ ബീസ്റ്റിനെതിരെ ഭീഷണി മുഴക്കുന്നതു തന്നെ ‘ഹിഡന്‍ അജണ്ട’ മുന്‍ നിര്‍ത്തിയാണ്. അങ്ങനെ മാത്രമേ ഈ നീക്കത്തെയും വിലയിരുത്താന്‍ കഴിയുകയൊള്ളു. കശ്മീര്‍ ഫയല്‍സായാലും ജോണ്‍ എബ്രഹാമിന്റെ ‘അറ്റാക്ക് ‘ ആയാലും ദളപതിയുടെ ബീസ്റ്റ് ആയാലും സിനിമയെ സിനിമയായാണ് കാണേണ്ടത്. കശ്മീര്‍ ഫയല്‍സില്‍ നടന്ന സംഭവമെന്ന പ്രചരണമാണ് ആ സിനിമ വലിയ രൂപത്തില്‍ ചര്‍ച്ച ചെയ്യപ്പെടാനും വിവാദത്തിനും ഇടയാക്കിയിരിക്കുന്നത്. എന്നാല്‍ അറ്റാക്കും ബീസ്റ്റും എല്ലാം സാങ്കല്‍പ്പിക കഥകളാണ്. അതിനെ ആ രൂപത്തില്‍ തന്നെയാണ് കാണേണ്ടത്. വില്ലന്‍ വേഷം ഒരു മുസ്ലീമാണ് കൈകാര്യം ചെയ്യുന്നതെങ്കില്‍ ആ സമുദായം മൊത്തം വില്ലന്‍മാരായി ചിത്രീകരിക്കപ്പെടും എന്ന ബോധം തന്നെ പിന്തിരിപ്പന്‍ ചിന്താഗതിയാണ്.
അങ്ങനെ പറയുന്നവരെയാണ് യഥാര്‍ത്ഥത്തില്‍ വര്‍ഗ്ഗീയ വാദികളായി നാം കാണേണ്ടത്. ഹിന്ദു ക്രിസ്ത്യന്‍ സിഖ് നാമധാരികള്‍ കൊടും ക്രിമിനലുകളായും വര്‍ഗ്ഗീയ വാദികളായും നിരവധി സിനിമകളില്‍ ഇതിനകം തന്നെ വേഷമിട്ടിട്ടുണ്ട്. അന്നൊന്നും ആരും ഇത് ഏതെങ്കിലും സമുദായത്തിനെതിരായ സിനിമയാണെന്ന് പറഞ്ഞിട്ടില്ല. അതും തമിഴ് നാട് ലീഗ് നേതൃത്വം ഓര്‍ക്കുന്നത് നല്ലതാണ്. ഹിന്ദു സന്യാസിമാര്‍ വില്ലന്‍മാരായ സിനിമകള്‍ ഈ മലയാളത്തില്‍ തന്നെ അനവധിയാണ് പുറത്തിറങ്ങിയിരിക്കുന്നത്. അതും തമിഴ് നാട് മുസ്ലീംലീഗ് നേതൃത്വം കാണാതെ പോകരുത്. ഇനിയും പുറത്തിറങ്ങാത്ത ബീസ്റ്റ് സിനിമയില്‍ എന്തൊക്കെ ഉണ്ട് എന്ന് പറയുന്നതു തന്നെ യുക്തിക്ക് നിരക്കാത്തതാണ്.
തമിഴ് നാട് ലീഗ് നേതാക്കളല്ല സെന്‍സര്‍ ബോര്‍ഡിലിരുന്നു സിനിമ കാണുന്നത്. അതിനു അവരെ ആരും ചുമതലപ്പെടുത്തിയിട്ടുമില്ല. കാണാത്ത സിനിമയെ മുന്‍നിര്‍ത്തി പരാതി നല്‍കിയതു തന്നെ അപക്വമായ രീതിയാണ്. ഒരു രാഷ്ട്രീയ പാര്‍ട്ടിക്ക് പറ്റിയ പണിയല്ല അത്. തമിഴ് നാട്മുസ്ലീംലീഗ് മത സംഘടനയാണോ അതോ രാഷ്ട്രീയ പാര്‍ട്ടിയാണോ എന്ന സംശയം ബലപ്പെടുന്നതും ഇത്തരം നിലപാടിലൂടെയാണ്. അക്കാര്യവും പറയാതിരിക്കാന്‍ കഴിയുകയില്ല. സെന്‍സര്‍ ബോര്‍ഡ് അംഗീകാരം നല്‍കിയ സിനിമയ്ക്ക് പ്രദര്‍ശനം നിഷേധിക്കാന്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ക്കു മാത്രമല്ല ഒരു സര്‍ക്കാറിനും അവകാശമില്ല.
കുവൈറ്റില്‍ ബീസ്റ്റ് സിനിമ നിരോധിച്ചു എന്നു ചൂണ്ടിക്കാട്ടുന്ന തമിഴ് നാട് മുസ്ലീംലീഗ് മറ്റ് അറബ് രാജ്യങ്ങള്‍ ആ വഴി സ്വീകരിച്ചിട്ടില്ലന്നതും മനസ്സിലാക്കുകയാണ് വേണ്ടത്. ഇന്ത്യ… ഒരു സ്വതന്ത്ര മതേതര രാഷ്ട്രമാണ്. ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യവുമാണ്. കുവൈറ്റിലെ നിയമമല്ല ഇന്ത്യയിലേത്. മുന്‍പ് ദുല്‍ഖര്‍ സല്‍മാന്റെ ‘കുറുപ്പിനു’ ഉള്‍പ്പെടെ പ്രദര്‍ശനം നിരോധിച്ച രാജ്യമാണ് കുവൈറ്റ്. അതിനു അവര്‍ക്ക് അവരുടേതായ ന്യായീകരണവുമുണ്ടാകും. അതുപ’ക്ഷേ ഇന്ത്യയില്‍ ചിലവാകുകയില്ല. ഇതു പോലും മനസ്സിലാക്കാത്തവരാണ് ബീസ്റ്റിനെതിരെ ഇപ്പോള്‍ രംഗത്തു വന്നിരിക്കുന്നത്. തമിഴ് നാട് ലീഗിന്റെ ഈ ഭീഷണിയെ മുസ്ലീം സമൂഹം തന്നെയാണ് ആദ്യം തള്ളിക്കളയേണ്ടത്. മതേതര ഇന്ത്യ പ്രതീക്ഷിക്കുന്നതും അതു തന്നെയാണ്…..
EXPRESS VIEW