ചെന്നൈ: തമിഴ്‌നാട്ടിലെ തൂത്തുക്കുടിയില്‍ സംഘര്‍ഷത്തെ തുടര്‍ന്ന് പ്രഖ്യാപിച്ചിരുന്ന നിരോധനാജ്ഞ പിന്‍വലിച്ചു. കളക്ടര്‍ സന്ദീപ് നന്ദൂരിയുടെ നിര്‍ദേശത്തെ തുടര്‍ന്നാണ് നിരോധനാജ്ഞ പിന്‍വലിച്ചത്. തൂത്തുക്കുടിയില്‍ സമാധാനം കൊണ്ടുവരാനുള്ള ശ്രമങ്ങള്‍ വിജയം കാണുന്നുണ്ടെന്നാണ് കളക്ടര്‍ പറയുന്നത്.
സ്റ്റെര്‍ലെറ്റ് ചെമ്പ് ശുദ്ധീകരണ കമ്പനിക്കെതിരായ സമരത്തിന്റെ പശ്ചാത്തലത്തില്‍ കഴിഞ്ഞ തിങ്കളാഴ്ചയാണ് ഇവിടെ നിരോധനാജ്ഞ പ്രഖ്യാപിച്ചത്. ഫാക്ടറിയില്‍ നിന്നുള്ള മാലിന്യം കടുത്ത മലിനീകരണത്തിനും ആരോഗ്യപ്രശ്‌നങ്ങള്‍ക്കും ഇടവരുത്തുന്നതിനാലാണ് പ്രദേശവാസികള്‍ സമരത്തിനിറങ്ങിയത്.
അതേസമയം, സംഘര്‍ഷത്തില്‍ മരിച്ച 13 പേരുടെ മൃതദേഹങ്ങള്‍ പോസ്റ്റ് മോര്‍ട്ടം നടത്തിയെന്നാണ് സര്‍ക്കാര്‍ കോടതിയെ ധരിപ്പിച്ചിട്ടുള്ളത്. എന്നാല്‍ 7 മൃതദേഹങ്ങള്‍ മാത്രമെ പോസ്റ്റ്‌മോര്‍ട്ടം ചെയ്തിട്ടുള്ളൂ എന്നും ബാക്കി ഉള്ളവ പോസ്റ്റ് മോര്‍ട്ടം ചെയ്യുന്നതിനായി ഒപ്പിട്ട് നല്‍കാന്‍ ബന്ധുക്കളെ പൊലീസ് നിര്‍ബന്ധിക്കുന്നുവെന്നാണ് ആക്ഷേപം.