നോട്ട് നിരോധനം ; നഷ്ടപരിഹാരം തേടി നോട്ടടി പ്രസുകള്‍

ന്യൂഡല്‍ഹി: നോട്ട് നിരോധനത്തിന് നഷ്ടപരിഹാരം തേടി നോട്ട് അച്ചടിക്കുന്ന പ്രസ്സുകള്‍ റിസര്‍വ് ബാങ്കിനെ സമീപിച്ചു.

നിരോധിച്ച നോട്ടുകളില്‍ 99 ശതമാനവും തിരിച്ചെത്തിയെന്ന കണക്ക് റിസര്‍വ് ബാങ്ക് പുറത്തുവിട്ടതിന് പിന്നാലെയാണ് അച്ചടി പ്രസുകള്‍ റിസര്‍വ് ബാങ്കിനെ സമീപിച്ചിരിക്കുന്നത്.

ഒറ്റയടിക്ക് 1000, 500 നോട്ടുകള്‍ അസാധുവാക്കിയതിലൂടെ 577 കോടി രൂപയുടെ നഷ്ടം പ്രസ്സുകള്‍ക്കുണ്ടായെന്നാണ് കണക്ക്.

അച്ചടിച്ച നോട്ടുകളും, അച്ചടി ചിലവുകള്‍, മഷി, ഉപയോഗശൂന്യമായ കടലാസ്സുകള്‍ എന്നിവയുള്‍പ്പെടെയാണ് ഈ നഷ്ടം കണക്കാക്കിയിരിക്കുന്നത്.

കള്ളപ്പണം തടയുന്നതിനുള്ള നീക്കമായി വ്യഖ്യാനിച്ചാണ് നോട്ട് അസാധുവാക്കിയത്. എന്നാല്‍, അസാധുവാക്കിയതില്‍ 99 ശതമാനം നോട്ടും റിസര്‍വ് ബാങ്കില്‍ തിരിച്ചെത്തിയതോടെ കറന്‍സി രഹിത സമ്പത്ത് ഘടനയാണ് ലക്ഷ്യമെന്നായി സര്‍ക്കാര്‍ വാദം.

എന്നാല്‍, നഷ്ടപരിഹാരം ആവശ്യപ്പെട്ടുള്ള പ്രിന്റിംഗ് പ്രസുകളുടെ നടപടി കേന്ദ്ര സര്‍ക്കാരിനെയും റിസര്‍വ് ബാങ്കിനെയും പ്രതിരോധത്തിലാക്കിയിരിക്കുകയാണ്. നോട്ട് അസാധുവാക്കല്‍ നടപടി സമ്പൂര്‍ണ പരാജയമാണെന്ന പ്രതിപക്ഷ പാര്‍ട്ടികളുടെ വാദത്തിന് ഇത് മൂര്‍ച്ഛ നല്‍കും.

സര്‍ക്കാര്‍ പ്രസുകളില്‍ വാണിജ്യാടിസ്ഥാനത്തിലുള്ള പ്രിന്റിംഗ് നടത്താറില്ല. അതുകൊണ്ട് തന്നെ നോട്ട് അസാധുവാക്കല്‍ നടപടിയിലൂടെയുണ്ടായ നഷ്ടം നികത്താന്‍ റിസര്‍വ് ബാങ്ക് തയാറാകണമെന്നും പ്രസുകള്‍ ആവശ്യപ്പെട്ടു.

Top