ബെംഗളൂരു: കാവേരി ജല തര്‍ക്കത്തില്‍ കര്‍ണാടകയില്‍ ഇന്ന് ബന്ദ്. കന്നഡ-കര്‍ഷകസംഘടനകളുടെ കൂട്ടായ്മയായ ‘കന്നഡ ഒക്കൂട്ട’ യാണ് ബന്ദിന് നേതൃത്വം നല്‍കുന്നത്. രാവിലെ ആറു മണി മുതല്‍ വൈകീട്ട് ആറു വരെയാണ് ബന്ദ്. ബിജെപിയും ജെഡിഎസും ബന്ദിന് അനുകൂല നിലപാടാണ് സ്വീകരിച്ചിരിക്കുന്നത്. കര്‍ഷക സംഘടനകള്‍, കന്നഡ ഭാഷ സംഘടനകള്‍ ഉള്‍പ്പെടെയുള്ള പ്രധാനപ്പെട്ട എല്ലാ സംഘടനകളും ബന്ദിന് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്.
അക്രമ സാധ്യത കണക്കിലെടുത്ത് ബംഗളൂരുവില്‍ വ്യാഴാഴ്ച രാത്രി 12 മുതല്‍ വെള്ളിയാഴ്ച രാത്രി 12 വരെ നിരോധനാജ്ഞ പ്രഖ്യാപിച്ചിരിക്കുകയാണ്. മൈസൂരു, മാണ്ഡ്യ മേഖലകളില്‍ ബന്ദ് തീവ്രമാകുമെന്നാണ് കരുതുന്നത്. രാവിലെ 11-ന് സംസ്ഥാനത്തെ ദേശീയ പാതകളുള്‍പ്പെടെ പ്രധാനപാതകളില്‍ വാഹനങ്ങള്‍ തടയുമെന്ന് കര്‍ണാടക ജലസംരക്ഷണസമിതി അറിയിച്ചു. കേരളത്തില്‍ നിന്ന് മൈസൂരു വഴി വരുന്ന വാഹനങ്ങളുടെ യാത്ര തടസപ്പെട്ടേക്കും.
ഓണ്‍ലൈന്‍ ഓട്ടോ-ടാക്‌സികള്‍ ഉള്‍പ്പെടെ സര്‍വീസ് നടത്തില്ല. ബെംഗളൂരുവിലെ ഹോട്ടലുകള്‍ തുറക്കില്ലെന്ന് ഹോട്ടല്‍ ഉടമകളുടെ സംഘടന അറിയിച്ചു. തിയേറ്ററുകളും പ്രവര്‍ത്തിക്കില്ല. സ്വകാര്യ സ്‌കൂളുകളും കോളജുകളും അവധി പ്രഖ്യാപിച്ചു.