ബംഗളൂരു: ബംഗളൂരു ആക്രമണത്തില്‍ യു.എ.പി.എ, ഗുണ്ട ആക്ട് എന്നിവ പ്രകാരമുള്ള വകുപ്പുകള്‍ ചുമത്താന്‍ കര്‍ണാടക സര്‍ക്കാര്‍ തീരുമാനം. ഈ വകുപ്പുകള്‍ കൂടി ചുമത്തുന്നത് സംബന്ധിച്ച് മുഖ്യമന്ത്രി ബി.എസ് യെദിയൂരപ്പയും ആഭ്യന്തര മന്ത്രി ബസവരാജ് ബൊമ്മെയും തമ്മില്‍ ചര്‍ച്ച നടത്തിയെന്നാണ് റിപ്പോര്‍ട്ടുകള്‍.
മാത്രമല്ല, കലാപം നടന്ന ഡിജെ ഹള്ളിയില്‍ ഉണ്ടായ നാശനഷ്ടങ്ങള്‍ വിലയിരുത്താന്‍ ക്ലെയിം കമ്മീഷണറിനെ നിയമിക്കുന്നതിന് അനുവാദം തേടി ഹൈക്കോടതിയെ സമീപിക്കാനും സര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ട്.
അതേസമയം, സംഘര്‍ഷത്തില്‍ ഇതുവരേയും അറസ്റ്റിലാവുന്നവരുടെ എണ്ണം 340 ആയെന്ന് പൊലീസ് പറഞ്ഞു. നേരത്തെ,
ആക്രമണത്തില്‍ 20 ലക്ഷത്തിന്റെ സ്വര്‍ണ്ണം മോഷണം പോയതായും 50 ലക്ഷത്തിന്റെ സ്വത്തുവകകള്‍ നശിപ്പിപ്പിക്കപ്പെട്ടതായും കോണ്‍ഗ്രസ് എംഎല്‍എ ശ്രീനിവാസ മൂര്‍ത്തി പരാതി നല്‍കിയിരുന്നു. ബംഗളൂരു നഗരത്തിലുള്ള എംഎല്‍എയുടെ വീടാണ് ആഗസ്റ്റ് 11ന് രാത്രി ആക്രമികള്‍ തീവെച്ചും കല്ലെറിഞ്ഞും തകര്‍ത്തത്.
താന്‍ കുടുംബസമേതം ക്ഷേത്ര ദര്‍ശനത്തിന് പോയപ്പോഴായാണ് 2000-3000നും ഇടയിലുള്ള അക്രമികള്‍ ആഗസ്റ്റ് 11ന് രാത്രിയില്‍ വീടിനും എംഎല്‍എയുടെ ഓഫീസിനും നേരെ ആസൂത്രിതമായി അക്രമം അഴിച്ചുവിടുന്നതെന്നാണ് ഇദ്ദേഹം പൊലീസിന് നല്‍കിയ പരാതിയില്‍ പറയുന്നത്. കെട്ടിടം കൊള്ളയടിച്ച അക്രമികള്‍ സ്വര്‍ണ്ണവും ആഭരണങ്ങളും ഉള്‍പ്പെടെ വിലപിടിപ്പുള്ള വസ്തുക്കളെല്ലാം കൊള്ളയടിച്ചെന്നും കെട്ടിടം തീവെച്ച് നശിപ്പിച്ചെന്നും എംഎല്‍എ പരാതിയില്‍ ചൂണ്ടിക്കാണിക്കുന്നു.