ബംഗളൂരു ആക്രമണം; 50 ലക്ഷത്തിന്റെ നാശനഷ്ടമുണ്ടായെന്ന് കോണ്‍ഗ്രസ്സ് എംഎല്‍എ

ബംഗളൂരു: ബംഗളൂരു ആക്രമണത്തില്‍ 20 ലക്ഷത്തിന്റെ സ്വര്‍ണ്ണം മോഷണം പോയതായും 50 ലക്ഷത്തിന്റെ സ്വത്തുവകകള്‍ നശിപ്പിപ്പിക്കപ്പെട്ടതായും കോണ്‍ഗ്രസ് എംഎല്‍എ ശ്രീനിവാസ മൂര്‍ത്തി. ബംഗളൂരു നഗരത്തിലുള്ള എംഎല്‍എയുടെ വീടാണ് ആഗസ്റ്റ് 11ന് രാത്രി ആക്രമികള്‍ തീവെച്ചും കല്ലെറിഞ്ഞും തകര്‍ത്തത്.

താന്‍ കുടുംബസമേതം ക്ഷേത്ര ദര്‍ശനത്തിന് പോയപ്പോഴായാണ് 2000-3000നും ഇടയിലുള്ള അക്രമികള്‍ ആഗസ്റ്റ് 11ന് രാത്രിയില്‍ വീടിനും എംഎല്‍എയുടെ ഓഫീസിനും നേരെ ആസൂത്രിതമായി അക്രമം അഴിച്ചുവിടുന്നതെന്നാണ് ഇദ്ദേഹം പൊലീസിന് നല്‍കിയ പരാതിയില്‍ പറയുന്നത്. കെട്ടിടം കൊള്ളയടിച്ച അക്രമികള്‍ സ്വര്‍ണ്ണവും ആഭരണങ്ങളും ഉള്‍പ്പെടെ വിലപിടിപ്പുള്ള വസ്തുക്കളെല്ലാം കൊള്ളയടിച്ചെന്നും കെട്ടിടം തീവെച്ച് നശിപ്പിച്ചെന്നും എംഎല്‍എ പരാതിയില്‍ ചൂണ്ടിക്കാണിക്കുന്നു.

അതേസമയം, കേസില്‍ സര്‍ക്കാര്‍ പ്രഖ്യാപിച്ച മജിസ്റ്റീരിയല്‍ അന്വേഷണം ഉടന്‍ തുടങ്ങും. കലാപത്തെക്കുറിച്ച് സെന്‍ട്രല്‍ ക്രൈംബ്രാഞ്ചും അന്വേഷണം ആരംഭിച്ചിട്ടുണ്ട്. കലാപവുമായി ബന്ധപ്പെട്ട് പിടിയിലായവരുടെ എണ്ണം 206 ആയെന്നും അന്വേഷണം ഇപ്പോഴും തുടരുകയാണെന്നും ബംഗളൂരു ജോയിന്റ് കമ്മീഷണര്‍ സന്ദീപ് പാട്ടില്‍ പറഞ്ഞു. നഗരത്തില്‍ വിവിധയിടങ്ങളില്‍ പൊലീസ് പരിശോധന തുടരുകയാണ്.

Top