Bangalore blast case : Witness needs to police protection

ബംഗളൂരു: ബംഗളൂരു സ്‌ഫോടന കേസില്‍ സാക്ഷികള്‍ക്ക് സംരക്ഷണം വേണമെന്ന് കര്‍ണാടക സര്‍ക്കാര്‍. വിചാരണകോടതിയിലാണ് ഇക്കാര്യം അറിയിച്ചത്. അഭിഭാഷകര്‍ക്കും കോടതികള്‍ക്കും പോലും സംരക്ഷണം വേണമെന്നുമുള്ള അവസ്ഥയാണ് കേസിലുള്ളതെന്നും കര്‍ണാടക സര്‍ക്കാര്‍ കോടതിയെ അറിയിച്ചു.

കേസിലെ സാക്ഷികളുടെ കൂറുമാറ്റത്തെപ്പറ്റി അന്വേഷിച്ച് വരുകയാണ്. പ്രതി തടിയന്റവിട നസീര്‍ സാക്ഷികളെ സ്വാധീനിക്കാന്‍ ശ്രമിച്ചതായി കൊച്ചി പോലീസ് കണ്ടെത്തിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ദേശീയ അന്വേഷണ ഏജന്‍സിയും കര്‍ണാടക പോലീസും സാക്ഷികളിലേക്കും അന്വേഷണം വ്യാപിപ്പിക്കുന്നത്.

നസീറിന്റെ കൂട്ടാളി ഷഹനാസില്‍ നിന്ന് ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തിലാണ് സാക്ഷികളെ സ്വാധീനിക്കാന്‍ ശ്രമം നടന്നതായി കണ്ടെത്തിയിരുന്നത്.

നസീറിന്റെ നിര്‍ദേശപ്രകാരം ഷഹനാസും കണ്ണൂര്‍ സ്വദേശി തസ്ലിമും ചേര്‍ന്ന് സാക്ഷികളെ സ്വാധീനിക്കാന്‍ ശ്രമിച്ചതായാണ് ആരോപണം. കേസില്‍ നേരത്തെ ഉണ്ടായ കൂറുമാറ്റത്തിന് പിന്നിലും തടിയന്റവിട നസീറിന്റെ ഇടപെടലുണ്ടോയെന്നാണ് ഇപ്പോള്‍ അന്വേഷണ സംഘം പരിശോധിക്കുന്നത്.

സാക്ഷികളുടെ കൂറുമാറ്റത്തില്‍ നസീറിന് പങ്കുണ്ടെന്ന് തെളിഞ്ഞാല്‍ കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷിക്കാനാണ് എന്‍.ഐ.എ. യുടെ തീരുമാനം.

Top