ബെംഗളൂരു: ഐഎസ്എല്‍ മത്സരങ്ങള്‍ക്കിടയിലും എഎഫ്‌സി കപ്പ് യോഗ്യത മത്സരത്തിന്റെ ആവേശത്തില്‍ ബെംഗളൂരു എഫ്‌സി. ട്രാന്‍സ്‌പോര്‍ട്ട് യുണൈറ്റഡുമായി ബെംഗളൂരു ഇന്ന് ഏറ്റുമുട്ടും. ബെംഗളൂരു ശ്രീകണ്ഠീരവ സ്റ്റേഡിയത്തിലാണ് മത്സരം നടക്കുക.
ഭൂട്ടാന്‍ ക്ലബ് ട്രാന്‍സ്‌പോര്‍ട്ടിനെ ആദ്യ പാദത്തില്‍ അവരുടെ തട്ടകത്തില്‍ നീലപ്പട ഗോള്‍രഹിത സമനിലയില്‍ തളച്ചിരുന്നു. അതേസമയം ഇന്നത്തെ മത്സരത്തില്‍ എതിര്‍വലയില്‍ ഗോളടിച്ചുകൂട്ടി കളി ജയിച്ചാല്‍ നിലവിലെ റണ്ണറപ്പുകളായ നീലപ്പടക്ക് പ്ലേ ഓഫിലെത്താം.
മത്സരത്തില്‍ കളത്തിലിറങ്ങാതിരുന്ന സുനില്‍ ഛേത്രി ഇന്ന് മത്സരിക്കാനിറങ്ങും. ഐഎസ്എല്ലിലെ നിലവിലെ ഇന്ത്യന്‍ ടോപ് സ്‌കോര്‍ ജേതാവായ നീലപ്പട മികച്ച പ്രകടനവുമായാണ് ഇറങ്ങുക. ഗോള്‍വേട്ടക്കാരന്‍ മിക്കു ഇന്ന് ടീമിനെ പിന്‍തുണയ്ക്കുന്നതോടെ ഭൂട്ടാന്‍ ഇന്ന് കളത്തില്‍ നിര്‍ണ്ണായക നിമിഷങ്ങളെയാകും നേരിടേണ്ടി വരിക.
ഹര്‍മന്‍ജോത് കബ്ര, എഡു ഗാര്‍ഷ്യ, ലെന്നി റോഡ്രിഗസ്, ടോണി ഡേവല്‍സ് എന്നിവരും ഇന്ന് ടീമിനൊപ്പമുണ്ടാവുമെന്ന് കോച്ച് റോക്ക അറിയിച്ചു. 2017-18 ഭൂട്ടാന്‍ നാഷനല്‍ ലീഗില്‍ പരാജയം അറിയാതെയാണ് ട്രാന്‍സ്‌പോര്‍ട്ട് യുണൈറ്റഡ് മത്സരിക്കാനിറങ്ങുന്നത്.