ബെംഗളൂരു: ബെംഗളൂരുവില്‍ യുവതി കൂട്ട ബലാത്സംഗത്തിനിരയായ കേസിലെ പ്രതിയെ വെടിവച്ച് പിടികൂടി. കേസിലെ പ്രതിയായ ഷോബുസിനെ അറസ്റ്റ് ചെയ്യാന്‍ ബെംഗളൂരു രാംപുരയിലെത്തിയ പൊലീസുകാരെ അക്രമിച്ചപ്പോഴാണ് കാലിന് വെടിവച്ചു പിടികൂടിയത്.
പൊലീസുകാര്‍ക്കും ആക്രമണത്തില്‍ പരിക്കേറ്റിട്ടുണ്ട്. ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. നേരത്തെ പ്രതികളെ തെളിവെടുപ്പിന് കൊണ്ടുവന്നപ്പോള്‍ രക്ഷപ്പെടാന്‍ ശ്രമിച്ചപ്പോഴും വെടിവയ്പ്പ് നടന്നിരുന്നു. ഇതോടെ, കേസില്‍ അറസ്റ്റിലാവരുടെ എണ്ണം 10 ആയി. ഇതില്‍ രണ്ടുപേര്‍ സ്ത്രീകളാണ്.
പ്രതികളുടെ നേതൃത്വത്തില്‍ കേരളം, കര്‍ണാടകം. തെലങ്കാന എന്നീ സംസ്ഥാനങ്ങളില്‍ ലൈംഗിക വ്യാപാരകേന്ദ്രങ്ങള്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്നാണ് അന്വേഷണസംഘത്തിന് ലഭിച്ച വിവരം. എഫ്ഐആറില്‍ രണ്ടാം പ്രതിയായ മുഹമ്മദ് ബാബു അന്‍വര്‍ ഷേക്കാണ് റാക്കറ്റിന്റെ തലവന്‍ എന്നാണ് പ്രാഥമിക നിഗമനം.
ഇയാളുടെ കേരളത്തിലെ ബന്ധങ്ങളും അന്വേഷണത്തിന്റെ ഭാഗമാണ്. പീഡനത്തിനിരയായ യുവതിയും നേരത്തെ ഈ റാക്കറ്റിന്റെ ഭാഗമായിരുന്നു. പിന്നീട് കോഴിക്കോട് മസാജ് പാര്‍ലര്‍ തുടങ്ങി.
ധാക്ക മോഗ് ബസാര്‍ സ്വദേശിനിയായ ഇവര്‍ രണ്ട് വര്‍ഷം മുന്‍പ് നാടുവിട്ടു പോയതാണെന്ന് ബംഗ്ലാദേശ് പൊലീസ് അറിയിച്ചു. റാക്കറ്റുമായി യുവതി നടത്തിയ സാമ്പത്തിക ഇടപാടുകളിലെ തര്‍ക്കമാണ് ക്രൂര പീഡനത്തില്‍ കലാശിച്ചതെന്നാണ് പൊലീസ് പറയുന്നത്.