ആവേശം അവസാന ഓവറിലേക്ക് നീണ്ട വനിതാ ഐപിഎല്‍ ഫൈനലില്‍ ഡല്‍ഹിയെ എട്ട് വിക്കറ്റിന് വീഴ്ത്തി റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂരിന് കന്നി കിരീടം. ഡല്‍ഹി അരുണ്‍ ജെയ്റ്റ്‌ലി സ്റ്റേഡിയത്തില്‍ നടന്ന കിരീടപ്പോരാട്ടത്തില്‍ ആതിഥേയരായ ഡല്‍ഹി ക്യാപിറ്റല്‍സിനെ എട്ടു വിക്കറ്റിന് തകര്‍ത്താണ് ബാംഗ്ലൂര്‍ ആദ്യ ഐപിഎല്‍ കിരീടത്തില്‍ മുത്തമിട്ടത്. ആദ്യം ബാറ്റ് ചെയ്ത ഡല്‍ഹി 18.3 ഓവറില്‍ 113 റണ്‍സിന് ഓള്‍ ഔട്ടായപ്പോള്‍ ബാംഗ്ലൂര്‍ 19.3 ഓവറില്‍ ലക്ഷ്യത്തിലെത്തി. സ്കോര്‍ ഡല്‍ഹി ക്യാപിറ്റല്‍സ് 18.3 ഓവറില്‍ 113 ന് ഓള്‍ ഔട്ട്, റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂര്‍ 19.3 ഓവറില്‍ 115-2.
32 റണ്‍സെടുത്ത സോഫി ഡിവൈനും 31 റണ്‍സെടുത്ത ക്യാപ്റ്റന്‍ സ്മൃതി മന്ദാനയും 35 റണ്‍സുമായി പുറത്താകാതെ നിന്ന എല്ലിസ് പെറിയും 14 പന്തില്‍ 17 റണ്‍സടിച്ച റിച്ച ഘോഷുമാണ് ബാംഗ്ലൂരിന്‍റെ വിജയം അനായാസമാക്കിയത്. ഡല്‍ഹിക്കായി മലയാളി താരം മിന്നുമണി ഒരു വിക്കറ്റെടുത്തു. പതിനഞ്ച് വര്‍ഷത്തെ ഐപിഎല്‍ ചരിത്രത്തില്‍ ആര്‍സിബിയുടെ പുരുഷ ടീമിന് കഴിയാത്ത നേട്ടമാണ് രണ്ടാം സീസണില്‍ തന്നെ വനിതാ ടീം സ്വന്തമാക്കിയത്.
ചെറിയ വിജയലക്ഷ്യത്തിലേക്ക് കരുതലോടെയാണ് ബാംഗ്ലൂര്‍ തുടങ്ങിയത്. ഓപ്പണിംഗ് വിക്കറ്റില്‍ സാഹസത്തിനൊന്നു മുതിരാതെ എട്ടോവറില്‍ ബാഗ്ലൂര്‍ 49 റണ്‍സെടുത്തു. 27 പന്തില്‍ 32 റണ്‍സെടുത്ത സോഫി ഡിവൈനിനെ മടക്കിയ ശിഖ പാണ്ഡെയയാണ് ബാംഗ്ലൂരിന് ആദ്യ പ്രഹരമേല്‍പ്പിച്ചത്. വണ്‍ ഡൗണായി എത്തിയ എല്ലിസ് പെറി താളം കണ്ടെത്താന്‍ സമയമെടുക്കുകയും ക്യാപ്റ്റന്‍ സ്മൃതി മന്ദാന കരുതലോടെ കളിക്കുകയും ചെയ്തതോടെ മധ്യ ഓവറുകളില്‍ ബാംഗ്ലൂര്‍ മെല്ലെപ്പോക്കായി.
നാലോവറോളം ബൗണ്ടറികളൊന്നും വന്നില്ല. ഒടുവില്‍ അരുന്ധതി റെഡ്ഡിയുടെ ഓവറില്‍ രണ്ട് ബൗണ്ടറി നേടി പെറിയും മന്ദാനയും കെട്ടുപൊട്ടിച്ചെന്ന് കരുതിയെങ്കിലും തന്‍റെ ആദ്യ ഓവറില്‍ തന്നെ ബാംഗ്ലൂര്‍ ക്യാപ്റ്റന്‍ സ്മൃതി മന്ദാനയെ വീഴ്ത്തി മലയാളി താരം മിന്നുമണി മിന്നി. 39 പന്തില്‍ 31 റണ്‍സെടുത്ത മന്ദാനയെ മിന്നുമണിയുടെ പന്തില്‍ അരുന്ധതി റെഡ്ഡി ക്യാച്ചെടുത്ത് പുറത്താക്കി. പിന്നീടെത്തിയ റിച്ച ഘോഷ് പെറിക്ക് പിന്തുണ നല്‍കിയതോടെ ബാംഗ്ലൂരിന്‍റെ സമ്മര്‍ദ്ദമകന്നു.
ബാംഗ്ലൂരിനായി പന്തെറിഞ്ഞ തിരുവനന്തപുരംകാരി ആശാ ശോഭന മൂന്നോവറില്‍ 14 റണ്‍സിന് രണ്ട് നിര്‍ണായക വിക്കറ്റുകള്‍ വീഴ്ത്തി ബൗളിംഗില്‍ തിളങ്ങിയപ്പോള്‍ ബാറ്റിംഗില്‍ നിരാശപ്പെടുത്തിയ വയനാട്ടുകാരി മിന്നു മണി ബാറ്റിംഗില്‍ നിരാശപ്പെടുത്തിയെങ്കിലും തന്‍റെ ആദ്യ ഓവറില്‍ തന്നെ ആര്‍സിബി ക്യാപ്റ്റന്‍ സ്മൃതി മന്ദാനയെ പുറത്താക്കി തിളങ്ങി. രണ്ടോവറില്‍ 12 റണ്‍സിന് ഒരു വിക്കറ്റാണ് മിന്നുമണി വീഴ്ത്തിയത്.
നേരത്തെ ടോസ് നേടി ക്രീസിലിറങ്ങിയ ഡല്‍ഹിക്ക് ഓപ്പണിംഗ് വിക്കറ്റില്‍ ഷഫാലി വര്‍മയും ക്യാപ്റ്റന്‍ മെഗ് ലാനിങും ചേര്‍ന്ന് ഡല്‍ഹിക്ക് സ്വപ്നതുല്യമായ തുടക്കമാണ് നല്‍കിയത്. ഏഴോവറില്‍ ഇരുവരും ചേര്‍ന്ന് 64 റണ്‍സടിച്ചു. 27 പന്തില്‍ മൂന്ന് സിക്സും രണ്ട് ഫോറും അടക്കം 44 റണ്‍സടിച്ച ഷഫാലിയായിരുന്നു കൂടുതല്‍ ആക്രമിച്ചു കളിച്ചത്. എന്നാല്‍ എട്ടാം ഓവറിലെ ആദ്യ പന്തില്‍ മോളിനെക്സിനെ സിക്സിന് പറത്താനുള്ള ഷഫാലിയുടെ ശ്രമം സ്ക്വയര്‍ ലെഗ് ബൗണ്ടറിയില്‍ വാറെഹാമിമിന്‍റെ കൈകളിലൊതുങ്ങിയതോടെ ഡല്‍ഹിയുടെ തകര്‍ച്ച തുടങ്ങി. അതേ ഓവറില്‍ ജെമീമ റോഡ്രിഗസിനെയും അടുത്ത പന്തില്‍ അലീസ് ക്യാപ്സിയെയും ക്ലീന്‍ ബൗള്‍ഡാക്കി മോളിനെക്സ് ഏല്‍പ്പിച്ച പ്രഹരത്തില്‍ നിന്ന് ഡല്‍ഹിക്ക് പിന്നീട് കരകയറാനായില്ല.