ഫ്‌ളാറ്റുകള്‍ നിര്‍മ്മിക്കുന്നതിന് ബംഗളൂരുവില്‍ അഞ്ച് വര്‍ഷത്തേക്ക് വിലക്ക്; കുടിവെള്ള ക്ഷാമമെന്ന്…

ബംഗളൂരു: ബംഗളൂരു നഗരത്തിലെ ഫ്‌ളാറ്റ് നിര്‍മ്മാണം അഞ്ച് വര്‍ഷത്തേക്ക് വിലക്കാനൊരുങ്ങി സര്‍ക്കാര്‍. വര്‍ധിച്ചു വരുന്ന കുടിവെള്ള ക്ഷാമവും വാഹനങ്ങളുടെ പെരുപ്പവും കണക്കിലെടുത്താണ് പുതിയ തീരുമാനം. കര്‍ണാടക ഉപ മുഖ്യമന്ത്രി ഡോ.ജി പരമേശ്വര ഇക്കാര്യം വ്യക്തമാക്കുകയും ചെയ്തു.

വിഷയം ഗൗരവമായി ചര്‍ച്ച ചെയ്തുകൊണ്ടിരിക്കുകയാണ് എന്നാല്‍ തീരുമാനം ഒന്നും ആയിട്ടില്ല. നഗരത്തില്‍ കുടിവെള്ളം വലിയ വിഷയമാണെന്നും, പല സ്രോതസ്സുകളില്‍ നിന്നും വെള്ളം സംഭരിക്കാന്‍ ശ്രമിച്ചുകൊണ്ടിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

കാവേരി നദീജലം ആശ്രയിച്ചാണ് ബംഗളുരുവിലെ കുടിവെള്ള വിതരണം. മറ്റുള്ള സ്രോതസുകളേക്കുറിച്ച് ചര്‍ച്ച വരുമ്പോഴൊക്കെ കടുത്ത പ്രതിഷേധം ഉയരുകയായിരുന്നു. ഒരു രാത്രി പോലും നഗരത്തില്‍ വെള്ളമില്ലാതെയാവുന്നത് ചിന്തിക്കാന്‍ പോലും കഴിയില്ല. മുന്‍ കരുതലുകളേക്കുറിച്ചാണ് ഞങ്ങള്‍ സംസാരിക്കുന്നത്. വ്യവസായ മേഖലയിലെ പ്രമുഖര്‍ ഇത് മനസിലാക്കണം. കാവേരി നദിയില്‍ നിന്ന് രണ്ടു മാസം വെള്ളം കിട്ടാതിരുന്നാലുള്ള സ്ഥിതി ആലോചിച്ചു നോക്കൂ- അദ്ദേഹം പറഞ്ഞു.

1200 അടി വരെ മാത്രമേ കുഴല്‍ക്കിണറുകള്‍ കുഴിക്കാനാകൂ. എല്ലാ കുഴല്‍ക്കിണറുകളില്‍ നിന്നുമുള്ള വെള്ളം എടുത്താലും 40 കോടി ലിറ്റര്‍ മാത്രമേ ഒരു ദിവസം സംഭരിക്കാനാകൂ- അദ്ദേഹം പറഞ്ഞു.

വെള്ളം മാത്രമല്ല, ഫ്ളാറ്റുകളുടെ മുന്നില്‍ കാറുകള്‍ നിര്‍ത്തിയിട്ടിരിക്കുന്നത് നോക്കൂ, ഒരാള്‍ക്ക് ചിലപ്പോള്‍ രണ്ടും മൂന്നും അതിലധികവും കാറുകള്‍ ഉണ്ടാകും. ഇവക്കെല്ലാം സഞ്ചരിക്കാന്‍ റോഡുകള്‍ നിര്‍മിക്കാനാകില്ല- അദ്ദേഹം പറഞ്ഞു.

Top