സിപിഐ ഓഫീസ് കത്തിച്ചത് ആര്‍എസ്എസ്-ബിജെപി പ്രവര്‍ത്തകര്‍; ബിനോയ് വിശ്വം എംപി

ബംഗളൂരു സിപിഐ ഓഫീസ് കത്തിച്ചത് ആര്‍എസ്എസ്-ബിജെപി പ്രവര്‍ത്തകരാണെന്ന് എംപി ബിനോയ് വിശ്വം. ആര്‍എസ്എസ് ഭീരുക്കള്‍ ആണ് ഈ ആക്രമണം ചെയ്തിരിക്കുന്നത്. ഇതിന്മേല്‍ ഉണ്ടാകുന്ന സംവാദത്തില്‍ പങ്കെടുക്കാന്‍ എന്നും സിപിഐ തയ്യാറാണെന്നും അദ്ദേഹം പറഞ്ഞു.

മംഗളൂരുവില്‍ നിരോധനാജ്ഞ ലംഘിച്ചു പ്രതിഷേധം നടത്തിയതിനാലാണ് ഈ ആക്രമണം. അത് ബിജെപിയെ ഭയപ്പെടുത്തി. രാജ്യം ഒന്നടങ്കം തങ്ങളെ പിന്തുണയ്ക്കുന്നു എന്നതിന്റെ തെളിവാണ് ജയില്‍ മോചിതര്‍ ആയപ്പോള്‍ ലഭിച്ച സ്വീകരണം. പാര്‍ട്ടി ഓഫീസ് കത്തിച്ചത് കൊണ്ട് കമ്യൂണിസ്റ്റുകാര്‍ പിന്നോട്ട് പോകില്ല. ജര്‍മന്‍ പാര്‍ലമെന്റിന് തീയിട്ട് ഹിറ്റ്ലര്‍ പഠിപ്പിച്ചതാണ് ബിജെപി ചെയ്യുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.

ഇന്നലെ രാത്രിയാണ് കര്‍ണാടകത്തിലെ സിപിഐ സംസ്ഥാന കമ്മിറ്റി ഓഫീസിന് അജ്ഞാതര്‍ തീ വെച്ചത്. ബംഗളൂരു മല്ലേശ്വരത്തിനടുത്തുള്ള സംസ്ഥാന കമ്മിറ്റി ഓഫീസിനാണ് തീ വെച്ചത്. പാര്‍ട്ടി ഓഫീസിന് മുന്നില്‍ പാര്‍ക്ക് ചെയ്തിരുന്ന ആറ് ബൈക്കുകള്‍ കത്തി നശിച്ചു. സിപിഐയുടെ പരാതിയെ തുടര്‍ന്ന് ബംഗളുരു പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

 

Top