ധാക്ക : മ്യാൻമറിലെ വംശീയ കലാപം ഭയന്ന് ബംഗ്ലാദേശിലെത്തിയ റോഹിങ്ക്യന്‍ ജനതകളെ രണ്ടുവർഷത്തിനുള്ളിൽ തിരികെ സ്വീകരിക്കാമെന്ന മ്യാന്മറിന്റെ കരാർ അംഗീകരിച്ച് ബംഗ്ലാദേശ് സർക്കാർ. അഭയാർത്ഥികളെ തിരികെ സ്വീകരിക്കുന്ന നടപടികൾ ആരംഭിച്ചതിന് ശേഷമാണ് ഇരു രാജ്യങ്ങളും പുതിയ നയം വ്യക്തമാക്കിയത്.
ബംഗ്ലാദേശ് വിദേശകാര്യ മന്ത്രാലയത്തിന്റെ പ്രസ്താവനയിലാണ് ഈ കാര്യം അറിയിച്ചിരിക്കുന്നത്. വീടുകളുടെ നിർമ്മാണം പൂർത്തിയാകുന്നത് മുൻപ് തിരികെ എത്തുന്നവർക്ക് മ്യാന്മാർ ഭരണകുടം താത്കാലിക അഭയ കേന്ദ്രങ്ങളാണ് നൽകുന്നതെന്നും, അതിനാൽ രണ്ട് വർഷത്തിനുളളിൽ ഇവരെ പൂർണമായി സ്വീകരിക്കുമെന്ന് മ്യാന്മാർ വ്യക്തമാക്കിയതായും വിദേശകാര്യ മന്ത്രാലയം അറിയിച്ചു.
കൂടാതെ അതിർത്തിയിൽ റോഹിങ്ക്യ ജനതയെ തിരിച്ചയക്കുന്നതിനയായി 5 പുതിയ സെന്ററുകളും സ്ഥാപിക്കുമെന്നും വിദേശകാര്യ മന്ത്രാലയം സൂചിപ്പിച്ചു. മ്യാൻമറിലെ റാഖൈൻ സംസ്ഥാനത്ത് നടന്ന വംശീയഹത്യ ഭയന്ന് ഏകദേശം 625,000 റോഹിങ്ക്യൻ അഭയാർത്ഥികൾ ബംഗ്ലാദേശിൽ എത്തിച്ചേർന്നിട്ടുണ്ട്.
മ്യാന്മാറിന് ആഗോളതലത്തിൽ നിന്ന് നേരിടേണ്ടി വന്ന സമ്മർദം കാരണം നവംബറിൽ റോഹിങ്ക്യകളെ തിരികെ സ്വീകരിക്കുന്നതിന് ബംഗ്ലാദേശുമായി കരാറിൽ ഒപ്പുവെച്ചിരുന്നു. ജനുവരി അവസാനത്തോടെ നടപടികൾ സ്വീകരിക്കുമെന്നാണ് കരാറിൽ വ്യക്തമാക്കിയിരിക്കുന്നത്.