ഓസ്‌ട്രേലിയയ്ക്കെതിരെ തകര്‍ന്നടിഞ്ഞ് ബംഗ്ലദേശ്; 73 ന് ഓൾഔട്ട്

ട്വന്റി20 ലോകകപ്പില്‍ ഓസ്‌ട്രേലിയയ്ക്കെതിരെ തകര്‍ന്നടിഞ്ഞ് ബംഗ്ലദേശ് ബാറ്റിങ് നിര. മത്സരത്തില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ ബംഗ്ലദേശ് വെറും 73 റണ്‍സിന് എല്ലാവരും പുറത്തായി. അഞ്ച് ഓവറുകള്‍ ബാക്കിനില്‍ക്കെയാണ് ബംഗ്ലദേശ് ഓള്‍ഔട്ടായത്. 18 പന്തില്‍ ഓരോ സിക്‌സും ഫോറും സഹിതം 19 റണ്‍സെടുത്ത ഷമിം ഹുസൈനാണ് ബംഗ്ലദേശിന്റെ ടോപ് സ്‌കോറര്‍. ഇതുവരെ കളിച്ച മൂന്നു മത്സരങ്ങളും തോറ്റ ബംഗ്ലദേശ് സെമിഫൈനല്‍ കാണാതെ പുറത്തായിക്കഴിഞ്ഞു. അതേസമയം, ഗ്രൂപ്പ് ഒന്നില്‍നിന്ന് രണ്ടാം സ്ഥാനക്കാരായി സെമിയില്‍ കടക്കാന്‍ ഓസ്‌ട്രേലിയയ്ക്ക് വിജയം കൂടിയേ തീരൂ.

അഞ്ച് വിക്കറ്റ് നേട്ടം കൈവരിച്ച സ്പിന്നര്‍ ആദം സാംപയാണ് ബംഗ്ലദേശിനെ തകര്‍ത്തത്. സാംപ നാല് ഓവറില്‍ 19 റണ്‍സ് മാത്രം വഴങ്ങിയാണ് അഞ്ച് വിക്കറ്റ് പിഴുതത്. ജോഷ് ഹെയ്സല്‍വുഡ് രണ്ട് ഓവറില്‍ എട്ടു റണ്‍സ് മാത്രം വഴങ്ങിയും മിച്ചല്‍ സ്റ്റാര്‍ക്ക് നാല് ഓവറില്‍ 21 റണ്‍സ് വഴങ്ങിയും രണ്ടു വിക്കറ്റ് വീതം വീഴ്ത്തി. മാക്‌സ്വെലിനും ഒരു വിക്കറ്റ് ലഭിച്ചു.

ഷമീം ഹുസൈനു പുറമെ ബംഗ്ലദേശ് നിരയില്‍ രണ്ടക്കം കണ്ടത് രണ്ടു പേര്‍ മാത്രമാണ്. ഓപ്പണര്‍ മുഹമ്മദ് നയിം 16 പന്തില്‍ മൂന്നു ഫോറുകളോടെ 17 റണ്‍സെടുത്തു. ക്യാപ്റ്റന്‍ മഹ്മുദുല്ല 18 പന്തില്‍ രണ്ടു ഫോറുകള്‍ സഹിതം 16 റണ്‍സെടുത്തും പുറത്തായി.

ബംഗ്ലദേശ് നിരയില്‍ ഓപ്പണര്‍ ലിറ്റന്‍ ദാസ്, മെഹ്ദി ഹസന്‍ എന്നിവര്‍ ഗോള്‍ഡന്‍ ഡക്കായി. അഫീഫ് ഹുസൈന്‍, ഷോറിഫുല്‍ ഇസ്ലാം എന്നിവര്‍ ഡക്കായി. സൗമ്യ സര്‍ക്കാര്‍ (എട്ടു പന്തില്‍ അഞ്ച്), മുഷ്ഫിഖുര്‍ റഹിം (രണ്ടു പന്തില്‍ ഒന്ന്), മുസ്താഫിസുര്‍ റഹ്മാന്‍ (ഒന്‍പതു പന്തില്‍ നാല്) എന്നിങ്ങനെയാണ് മറ്റു താരങ്ങളുടെ പ്രകടനം.

 

Top