ശ്രീലങ്കയെ മൂന്നുവിക്കറ്റിന് തകർത്ത് ബംഗ്ലാദേശ്; ലോകകപ്പിലെ എട്ട് മത്സരങ്ങളിലെ രണ്ടാം വിജയം മാത്രം!

ന്യൂഡൽഹി: 2023 ക്രിക്കറ്റ് ലോകകപ്പിൽ ശ്രീലങ്കയ്‌ക്കെതിരേ ബംഗ്ലാദേശിന് മൂന്ന് വിക്കറ്റ് വിജയം. ശ്രീലങ്ക ഉയർത്തിയ 280 റൺസ് വിജയലക്ഷ്യം 41.1 ഓവറിൽ ഏഴ് വിക്കറ്റ് നഷ്ടത്തിൽ ബംഗ്ലാദേശ് മറികടന്നു. അർധസെഞ്ചുറി നേടിയ നായകൻ ഷാക്കിബ് അൽ ഹസ്സനും, നജ്മുൾ ഹൊസെയ്ൻ ഷാന്റോയുമാണ് ബംഗ്ലാദേശിന്റെ വിജയത്തിലെത്തിച്ചത്. ശ്രീലങ്കയും ബംഗ്ലാദേശും ഇതിനോടകം ലോകകപ്പ് സെമി കാണാതെ പുറത്തായതാണ്. ലോകകപ്പിലെ എട്ട് മത്സരങ്ങളിലെ രണ്ടാം വിജയമാണ് ബംഗ്ലാദേശ് സ്വന്തമാക്കിയത്. മറുവശത്ത് ശ്രീലങ്കയ്ക്കും എട്ട് മത്സരങ്ങളിൽ നിന്ന് രണ്ട് വിജയം മാത്രമാണുള്ളത്. ഇനി ഓരോ മത്സരങ്ങളാണ് ഇരുടീമുകൾക്കും ശേഷിക്കുന്നത്.

ശ്രീലങ്ക ഉയർത്തിയ 280 റൺസ് വിജയലക്ഷ്യത്തിലേക്ക് ബാറ്റിങ് ആരംഭിച്ച ബംഗ്ലാദേശിന് തുടക്കത്തിൽ തന്നെ ഓപ്പണർ തൻസിദ് ഹസ്സനെ നഷ്ടമായി. ഒൻപത് റൺസെടുത്ത താരത്തെ ദിൽഷൻ മധുശങ്ക പുറത്താക്കി. പിന്നാലെ ക്രീസിലൊന്നിച്ച ഷാന്റോയും ലിട്ടൺ ദാസും ചേർന്ന് ടീമിനെ രക്ഷിച്ചു. എന്നാൽ 23 റൺസെടുത്ത ലിട്ടൺ പുറത്തായതോടെ ബംഗ്ലാദേശ് പതറി. മൂന്നാം വിക്കറ്റിൽ ഷാന്റോയും ഷാക്കിബും ഒന്നിച്ചതോടെ ബംഗ്ലാദേശ് ക്യാമ്പിൽ പ്രതീക്ഷ പരന്നു.

ഇരുവരും അനായാസം ബാറ്റുവീശി. മൂന്നാം വിക്കറ്റിൽ ഷാക്കിബും ഷാന്റോയും 169 റൺസിന്റെ വമ്പൻ കൂട്ടുകെട്ടാണ് പടുത്തുയർത്തിയത്. ഇരുവരും അർധസെഞ്ചുറി നേടി. എന്നാൽ ഇരുവരെയും പുറത്താക്കി എയ്ഞ്ജലോ മാത്യൂസ് ബംഗ്ലാദേശിന് പ്രഹരമേൽപ്പിച്ചു. ഷാക്കിബ് 65 പന്തിൽ 12 ഫോറിന്റെയും രണ്ട് സിക്‌സിന്റെയും സഹായത്തോടെ 82 റൺസെടുത്തു. ഷാന്റോ 101 പന്തുകളിൽ നിന്ന് 12 ഫോറിന്റെ അകമ്പടിയോടെ 90 റൺസ് നേടി ടീമിന്റെ ടോപ് സ്‌കോററായി.

പിന്നാലെ വന്ന മഹ്‌മദുള്ള ടീമിനെ നയിച്ചു. മുഷ്ഫിഖുർ റഹീം (10) പെട്ടെന്ന് പുറത്തായെങ്കിലും മഹ്‌മുദുള്ള ടീമിന് വിജയപ്രതീക്ഷ നൽകി. എന്നാൽ 22 റൺസെടുത്ത മഹ്‌മുദുള്ളയെ പുറത്താക്കി മഹീഷ് തീക്ഷണ മത്സരം കടുപ്പിച്ചു. പിന്നാലെ വന്ന മെഹ്ദി ഹസ്സനും പുറത്തായതോടെ ബംഗ്ലാദേശ് പതറി. എന്നാൽ തൻസിം ഹസൻ സാക്കിബും തൗഹിദ് ഹൃദോയിയും ചേർന്ന് ടീമിനെ വിജയത്തിലെത്തിച്ചു.

ശ്രീലങ്കയ്ക്ക് വേണ്ടി ദിൽഷൻ മധുശങ്ക മൂന്ന് വിക്കറ്റെടുത്തപ്പോൾ മഹീഷ് തീക്ഷണ, എയ്ഞ്ജലോ മാത്യൂസ് എന്നിവർ രണ്ട് വിക്കറ്റ് വീതം സ്വന്തമാക്കി. ആദ്യം ബാറ്റുചെയ്ത ശ്രീലങ്ക 49.3 ഓവറിൽ 279 റൺസിന് ഓൾ ഔട്ടായി. ചരിത് അസലങ്കയുടെ സെഞ്ചുറിയാണ് ശ്രീലങ്കയ്ക്ക് മാന്യമായ സ്‌കോർ സമ്മാനിച്ചത്.

ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ശ്രീലങ്കയ്ക്ക് തുടക്കത്തിൽ തന്നെ ഓപ്പണർ കുശാൽ പെരേരയെ നഷ്ടമായി. വെറും നാല് റൺസെടുത്ത താരത്തെ ഷൊറിഫുൾ ഇസ്ലാം പുറത്താക്കി. പിന്നാലെ ക്രീസിലൊന്നിച്ച പത്തും നിസ്സങ്കയും കുശാൽ മെൻഡിസും ചേർന്ന് ടീം സ്‌കോർ 50 കടത്തി. എന്നാൽ 19 റൺസെടുത്ത മെൻഡിസിനെ പുറത്താക്കി ഷാക്കിബ് അൽ ഹസ്സൻ ഈ കൂട്ടുകെട്ട് പൊളിച്ചു. നാലാമനായി വന്ന സദീര സമരവിക്രമ മികച്ച രീതിയിൽ ബാറ്റുചെയ്യാൻ തുടങ്ങിയതോടെ ശ്രീലങ്കൻ ഇന്നിങ്‌സിന് ജീവൻ വെച്ചു. എന്നാൽ മറുവശത്ത് നിസ്സങ്ക പുറത്തായി. 36 പന്തിൽ 41 റൺസെടുത്ത താരത്തെ തൻസിം പുറത്താക്കി.

നാലാം വിക്കറ്റിലൊന്നിച്ച സദീരയും ചരിത് അസലങ്കയും ചേർന്ന് മികച്ച കൂട്ടുകെട്ടുണ്ടാക്കി. ഇരുവരും ചേർന്ന് ടീം സ്‌കോർ 100 കടത്തി. മികച്ച കൂട്ടുകെട്ടുമായി മുന്നേറുകയായിരുന്ന ശ്രീലങ്കയ്ക്ക് പെട്ടെന്ന് തിരിച്ചടി കിട്ടി. 41 റൺസെടുത്ത സദീരയെ ഷാക്കിബ് പുറത്താക്കി. പിന്നാലെ വന്ന എയ്ഞ്ജലോ മാത്യൂസ് ഒരു പന്ത് പോലും നേരിടാതെ പുറത്തായി. ക്രീസിലെത്തി പന്ത് നേരിടാൻ വൈകിയതിനെത്തുടർന്ന് താരം ടൈം ഔട്ടായി പുറത്തായി. അന്താരാഷ്ട്ര ക്രിക്കറ്റിൽ ഇത്തരത്തിൽ പുറത്താകുന്ന ആദ്യ താരമാണ് മാത്യൂസ്.

പിന്നാലെ വന്ന ധനഞ്ജയ ഡി സിൽവയെ കൂട്ടുപിടിച്ച് അസലങ്ക തകർപ്പൻ പ്രകടനം പുറത്തെടുത്തു. 34 റൺസെടുത്ത് സിൽവ പുറത്തായെങ്കിലും പിന്നാലെ വന്ന തീക്ഷണയെ കൂട്ടുപിടിച്ച് താരം ടീം സ്‌കോർ 250 കടത്തി. തീക്ഷണ 22 റൺസെടുത്ത് മടങ്ങി. തീക്ഷണയ്ക്ക് പകരം വന്ന ദുഷ്മന്ത ചമീരയെ സാക്ഷിയാക്കി അസലങ്ക സെഞ്ചുറി തികച്ചു. 101 പന്തിൽ നിന്നാണ് താരം മൂന്നക്കം കണ്ടത്. ഒടുവിൽ 49-ാം ഓവറിൽ അസലങ്ക പുറത്തായി. വമ്പനടിക്ക് ശ്രമിച്ച താരത്തെ തൻസിം പുറത്താക്കി. 105 പന്തിൽ നിന്ന് ആറ് ഫോറിന്റെയും അഞ്ച് സിക്‌സിന്റെയും സഹായത്തോടെ 108 റൺസെടുത്താണ് അസലങ്ക ക്രീസ് വിട്ടത്. ഇതോടെ ശ്രീലങ്കയുടെ പോരാട്ടം ചുരുങ്ങി.

പിന്നാലെ കസുൻ രജിത (0), ചമീര (4) എന്നിവർ കൂടി പുറത്തായതോടെ ശ്രീലങ്കൻ ഇന്നിങ്‌സ് അവസാനിച്ചു. ബംഗ്ലാദേശിനായി തൻസിം മൂന്ന് വിക്കറ്റെടുത്തപ്പോൾ ഷൊറീഫുൾ ഇസ്ലാമും ഷാക്കിബ് അൽ ഹസ്സനും രണ്ട് വിക്കറ്റ് വീതം നേടി. മെഹ്ദി ഹസ്സൻ ഒരു വിക്കറ്റ് സ്വന്തമാക്കി.

Top