ബംഗ്ലാദേശില്‍ കൊവിഡ് നിയന്ത്രണം കടുപ്പിച്ചു; എട്ട് ദിവസത്തേക്ക് ഗതാഗതമില്ല

ധാക്ക:ബംഗ്ലാദേശില്‍ കൊവിഡ് കേസുകള്‍ ക്രമാതീതമായി ഉയരുന്നതിനാല്‍ എല്ലാ ഓഫിസുകള്‍ക്കും അന്താരാഷ്ട്ര, ആഭ്യന്തര ഗതാഗതത്തിനും നിയന്ത്രണം ഏര്‍പ്പെടുത്തി. എട്ട് ദിവസത്തേക്ക് അടച്ചിടാനാണ് നിര്‍ദേശം. ബുധനാഴ്ച മുതല്‍ നിയന്ത്രണങ്ങള്‍ പ്രാബല്യത്തില്‍ വരുമെന്ന് സര്‍ക്കാര്‍ പ്രസ്താവനയില്‍ പറഞ്ഞു.

160 ദശലക്ഷം ജനസംഖ്യയുള്ള ദക്ഷിണേന്ത്യന്‍ രാജ്യത്ത് 684,756 കേസുകളും 9,739 മരണങ്ങളും രേഖപ്പെടുത്തിയിട്ടുണ്ട്. ഒരു മാസത്തിനിടെ പ്രതിദിന കേസുകള്‍ രാജ്യത്ത് ഏഴിരട്ടിയായി വര്‍ദ്ധിച്ചു.

ആശുപത്രിയില്‍ പുതിയ രോഗികളാല്‍ നിറയുകയാണെന്നും പ്രതിദിന മരണങ്ങള്‍ ഇരട്ടിയിലധികമാണെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു. എല്ലാ സര്‍ക്കാര്‍, അര്‍ദ്ധ- സര്‍ക്കാര്‍, സ്വയംഭരണ, സ്വകാര്യ ഓഫിസ്, ധനകാര്യ സ്ഥാപനങ്ങള്‍ എന്നിവ അടച്ചിടുമെന്ന് മന്ത്രിസഭ പ്രസ്താവനയില്‍ പറഞ്ഞു.

കടല്‍, റെയില്‍ ബസ് സര്‍വീസുകള്‍ക്കൊപ്പം അന്താരാഷ്ട്ര, ആഭ്യന്തര വിമാന സര്‍വീസുകളും നിര്‍ത്തിവെയ്ക്കുമെന്ന് ഉത്തരവില്‍ പറയുന്നു. ഭക്ഷണം വിതരണം ചെയ്യുന്നവ ഒഴികെയുള്ള എല്ലാ കടകളും അടച്ചിടും. കമ്പനികള്‍ക്ക് സ്വന്തം ഗതാഗതം ഉപയോഗിക്കാന്‍ കഴിയുമെങ്കില്‍ ഫാക്ടറികള്‍ തുറന്ന് പ്രവര്‍ത്തിക്കാന്‍ അനുവദിക്കും.

ഏപ്രില്‍ 21 അര്‍ദ്ധരാത്രി വരെ നിയന്ത്രണം ഉണ്ടാകുമെന്ന് മന്ത്രിസഭ അറിയിച്ചു. കൊവിഡ് വ്യാപനം തടയുന്നതിന് ഇതല്ലാതെ മറ്റൊരു മാര്‍ഗമില്ലെന്ന് ക്ലാമ്പ്ഡൗണ്‍ പ്രഖ്യാപനത്തിന് മുന്നോടിയായി പബ്ലിക് അഡ്മിനിസ്‌ട്രേഷന്‍ ജൂനിയര്‍ മന്ത്രി ഫര്‍ഹാദ് ഹുസൈന്‍ പറഞ്ഞു.

ഞായറാഴ്ച ബംഗ്ലാദേശ് പ്രതിപക്ഷ നേതാവ് ഖലീദ സിയ (74) ക്ക് കൊവിഡ് സ്ഥിരീകരിച്ചു. നിലവില്‍ അദ്ദേഹം വീട്ടില്‍ നിരീക്ഷണത്തില്‍ കഴിയുകയാണ്.

Top