ഇതാണ് മാതൃക; പകുതി ശമ്പളം സംഭാവന ചെയ്ത് ബംഗ്ലാദേശ് ക്രിക്കറ്റ് താരങ്ങള്‍

ധാക്ക: കൊറോണ എന്ന മഹാമാരി 186 ഓളം രാജ്യങ്ങളിലേയ്ക്ക് വ്യാപിച്ച് 18000ത്തോളം പേരുടെ ജീവനാണ് കവര്‍ന്നത്. ലോക സമ്പദ് വ്യവസ്ഥയെയും കൊറോണ ബാധിച്ച് കഴിഞ്ഞു. ഈ മഹാ വിപത്തിനെ നേരിടാന്‍ കായിക താരങ്ങളും മുന്നിട്ടിറങ്ങിയിട്ടുണ്ട്. ഇപ്പോഴിതാ കൊറോണ ആശങ്കകള്‍ക്കിടെ ക്രിക്കറ്റ് ലോകത്തിനു തന്നെ മാതൃക കാണിച്ച് രംഗത്തെത്തിയിരിക്കുകയാണ് ബംഗ്ലാദേശ് ക്രിക്കറ്റ് താരങ്ങള്‍.

കൊറോണ വൈറസിനെതിരായ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി ബംഗ്ലാദേശ് സര്‍ക്കാരിന് തങ്ങളുടെ പകുതി ശമ്പളം സംഭാവന ചെയ്താണ് ഈ താരങ്ങള്‍ ലോകത്തിന് മാതൃകയാകുന്നത്. ബംഗ്ലാദേശ് മാധ്യമം ധാക്ക ട്രിബ്യൂണാണ് ഈ വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

ധാക്ക ട്രിബ്യൂണിലെ റിപ്പോര്‍ട്ട് അനുസരിച്ച് ബംഗ്ലാദേശ് ക്രിക്കറ്റ് ബോര്‍ഡുമായി (ബിസിബി) കരാറിലേര്‍പ്പെട്ട 17 കളിക്കാര്‍ ഉള്‍പ്പെടെ 27 ക്രിക്കറ്റ് താരങ്ങളാണ് സംഭാവന നല്‍കാന്‍ തീരുമാനിച്ചത്. മറ്റ് 10 പേര്‍ ദേശീയ ടീമിനെ പ്രതിനിധീകരിച്ചവരാണ്. ഏകദേശം 23 ലക്ഷത്തോളം രൂപയാണ് ഇവര്‍ സര്‍ക്കാരിന് നല്‍കുക.

‘ലോകം മുഴുവന്‍ കൊറോണ വൈറസ് പകര്‍ച്ചവ്യാധിക്കെതിരെ പോരാടുകയാണ്. കൊറോണ വൈറസ് പൊട്ടിപ്പുറപ്പെടുന്നത് ബംഗ്ലാദേശിലും വര്‍ദ്ധിച്ചുകൊണ്ടിരിക്കുകയാണ്. ഈ മഹാമാരിയെ തടയാന്‍ ആവശ്യമായ നടപടികള്‍ കൈക്കൊള്ളാന്‍ ഞങ്ങള്‍ ജനങ്ങളേ ബോധവല്‍ക്കരിക്കുന്നുണ്ട്. എന്നാല്‍ അതുമാത്രമല്ല കൂടുതല്‍ കാര്യങ്ങള്‍ ചെയ്യാന്‍ കഴിയുമെന്ന് ഞങ്ങള്‍ വിശ്വസിക്കുന്നു. ഇതിനായി ബി.സി.ബി കരാറിലുള്ള ഞങ്ങള്‍ 17 പേരും അടുത്തിടെ ദേശീയ ടീമിനായി കളിച്ച 10 താരങ്ങളും ഞങ്ങളുടെ പ്രതിമാസ ശമ്പളത്തിന്റെ പകുതി തുക കൊറോണ വൈറസിനെതിരായ പോരാട്ടത്തിനായി നല്‍കുകയാണ്’, താരങ്ങള്‍ പുറത്തിറക്കിയ സംയുക്ത പ്രസ്താവനയില്‍ പറയുന്നു.

Top