കൊളംബോ: ശ്രീലങ്ക-ബംഗ്ലാദേശ് മല്‍സരത്തിലെ തമ്മിലടിക്ക് പിന്നാലെ പുതിയ വിവാദത്തിന് തിരികൊളുത്തി. ബംഗ്ലാദേശ് ഡ്രെസിങ് റൂമിന്റെ ഗ്ലാസ് ഡോര്‍ തകര്‍ന്ന സംഭവമാണ് പുതിയ വിവാദത്തിന് കാരണം. മല്‍സരത്തിന് ശേഷം ബംഗ്ലാദേശ് താരങ്ങളാണ് ഡോര്‍ തകര്‍ത്തതെന്നാണ് ആരോപണം.
മല്‍സരം ജയിച്ചതിന്റെ ആവേശത്തില്‍ ബംഗ്ലാദേശ് താരങ്ങള്‍ റൂമിന്റെ ഡോര്‍ തകര്‍ക്കുകയായിരുന്നു എന്നാണ് ആരോപണമുയര്‍ന്നിരിക്കുന്നത്. സംഭവത്തെ തുടര്‍ന്ന് ഗ്രൗണ്ട് സ്റ്റാഫില്‍ നിന്നും സിസിടിവി ദൃശ്യങ്ങള്‍ ഹാജരാക്കാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്.
കാറ്ററിങ് സ്റ്റാഫുകള്‍ ഡോര്‍ തകര്‍ത്ത താരങ്ങളുടെ പേര് മാച്ച് റഫറിയോട് വെളിപ്പെടുത്തിയെന്നും എന്നാല്‍ അത് മുഖവിലയ്ക്ക് എടുക്കാന്‍ സാധിക്കാത്തതിനാല്‍ സിസിടിവി ദൃശ്യങ്ങള്‍ക്കായി കാത്തിരിക്കുകയാണെന്നുമാണ് റിപ്പോര്‍ട്ട്. അതേസമയം, തകര്‍ന്ന ഡോറിന് നഷ്ടപരിഹാരം നല്‍കാമെന്ന് ബംഗ്ലാദേശ് ടീം മാനേജ്‌മെന്റ് അറിയിച്ചതായും റിപ്പോര്‍ട്ടുണ്ട്.
കളിക്കളത്തില്‍ അരങ്ങേറിയതിന്റെ ബാക്കി പത്രമെന്ന നിലയിലാണ് ഡോര്‍ തകര്‍ത്ത സംഭവത്തേയും കാണുന്നത്. മത്സരത്തിന്റെ അവസാന ഓവറില്‍ കളിക്കളത്തില്‍ തര്‍ക്കമുണ്ടായിരുന്നു.
ബംഗ്ലാദേശ് താരങ്ങള്‍ ലങ്കന്‍ താരമായ കുസാല്‍ മെന്‍ഡിസുമായി വാക്ക് തര്‍ക്കമുണ്ടായിരുന്നു. തുടര്‍ന്ന മല്‍സരത്തില്‍ ബംഗ്ലാദേശ് വിജയിക്കുകയും ചെയ്തു. എന്നാല്‍ കളിക്കു ശേഷം ഇരു ടീമിലെ താരങ്ങളും തമ്മില്‍ മൈതാനത്ത് വച്ച് തന്നെ വീണ്ടും കോര്‍ത്തിരുന്നു. കോബ്രാ ഡാന്‍സ് കളിച്ച് ലങ്കയെ പരിഹസിച്ചതാണ് കളിയ്ക്ക് ശേഷം അടിയ്ക്ക് കാരണമായത്.