ധാക്ക: ഇലക്ഷന്‍ സുരക്ഷയ്ക്കായി ബംഗ്‌ളാദേശില്‍ നിയോഗിച്ചിരിക്കുന്നത് ആറ് ലക്ഷം സൈനികരെ. ഇന്ന് നടക്കുന്ന പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ പോലീസ്, സൈനിക, അര്‍ധസൈനിക വിഭാഗങ്ങളില്‍പ്പെട്ട ആറുലക്ഷം ഭടന്മാരെയാണ് സുരക്ഷയ്ക്കായ് ഏര്‍പ്പെടുത്തിയിരിക്കുന്നത്.
അഭ്യൂഹങ്ങള്‍ പ്രചരിപ്പിച്ച് സമാധാനാന്തരീക്ഷം തകര്‍ക്കുവാന്‍ നീക്കം ഉണ്ടാവുമെന്ന ആശങ്കയെ തുടര്‍ന്ന് ഇന്ന് അര്‍ധരാത്രിവരെ 3ജി, 4ജി സര്‍വീസുകള്‍ നിര്‍ത്തിവയ്ക്കാന്‍ മൊബൈല്‍ ഫോണ്‍ ഓപ്പറേറ്റര്‍മാര്‍ക്ക് അധികൃതര്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. തെരഞ്ഞെടുപ്പ് സംഘട്ടനങ്ങളില്‍ ഇതിനകം 13 പേര്‍ കൊല്ലപ്പെടുകയും നിരവധി പേര്‍ക്കു പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.
300 പാര്‍ലമെന്റ് സീറ്റുകളില്‍ 1848 സ്ഥാനാര്‍ഥികളാണു മത്സരിക്കുന്നത്. പത്തരക്കോടിയോളം വോട്ടര്‍മാരുണ്ട്. ഇവര്‍ക്കായി 40,183 പോളിംഗ് ബൂത്തുകളാണ് സജ്ജീകരിച്ചിരിക്കുന്നത്. ബിഎന്‍പി നേതാവും മുന്‍പ്രധാനമന്ത്രിയുമായ ഖാലിദ സിയ അഴിമതിക്കേസില്‍ പത്തുവര്‍ഷം തടവിനു ശിക്ഷിക്കപ്പെട്ട് ജയിലിലാണ്. പാര്‍ട്ടിയുടെ ആക്ടിംഗ് നേതാവും ഖാലിദയുടെ മകനുമായ താരിക്ക് റഹ്മാന്‍ അറസ്റ്റു ഭയന്ന് വിദേശത്താണ്. മുന്‍ തെരഞ്ഞെടുപ്പു ബഹിഷ്‌കരിച്ച ബിഎന്‍പി ഇത്തവണ പുതിയ മുന്നണിയുണ്ടാക്കിയാണു മത്സര രംഗത്തിറങ്ങിയിട്ടുള്ളത്.
നാലാംവട്ടവും അധികാരത്തിലെത്താമെന്ന പ്രതീക്ഷയിലാണ് അവാമി ലീഗ് നേതാവും പ്രധാനമന്ത്രിയുമായ ഷേക്ക് ഹസീന. ബംഗ്‌ളാദേശ് ഭരണഘടന തയാറാക്കുന്നതിനു നേതൃത്വം നല്കിയ 82കാരനായ കമല്‍ ഹുസൈനാണ് മുന്നണിയുടെ നേതാവ്. ഇസ്‌ലാമിസ്റ്റ് തീവ്രവാദ പാര്‍ട്ടിയായ ജമാ അത്ത് ഇ ഇസ്‌ലാമിയുടെ നേതാക്കളും ഇത്തവണ മത്സരിക്കുന്നുണ്ട്.