ധാക്ക : ബംഗ്ലാദേശിനെ താലിബാൻ രാജ്യമാക്കുകയാണ് ലക്ഷ്യമെന്ന വെളിപ്പെടുത്തലുമായി തീവ്ര ഇസ്ലാമിക സംഘടനാ നേതാക്കൾ. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സന്ദർശനത്തിന്റെ പേരിൽ കലാപം സൃഷ്ടിച്ചതിന് അറസ്റ്റിലായവരാണ് പൊലീസിനോട് ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ നടത്തിയിരിക്കുന്നത്. നിരോധിത സംഘടനയായ ഹെഫസാത് ഇ ഇസ്ലാം, ജമാഅത്ത് ഇ ഇസ്ലാമി എന്നീ സംഘടനാ നേതാക്കളാണ് അറസ്റ്റിലായിരിക്കുന്നത്.
ബംഗ്ലാദേശിൽ സ്വാധീനം ശക്തിപ്പെടുത്തുന്നതിനായി ഹെഫസാത് ഇ ഇസ്ലാം നേതാക്കൾ ചേർന്ന് റബ്ബെതത്തുൽ വൈസിൻ ബംഗ്ലാദേശ് എന്ന പേരിൽ മറ്റൊരു സംഘടന രൂപീകരിച്ചിട്ടുണ്ടെന്ന് പൊലീസ് പറഞ്ഞു. നബിയുടെയും ഇസ്ലാം മതത്തിന്റെയും പേരിൽ ഭീകരവാദം വളർത്തുകയാണ് ഈ സംഘടന വഴി ഇവർ ചെയ്യുന്നത്. ഇതിനായി സംഘടിപ്പിക്കുന്ന പരിപാടികളിലേക്ക് പാകിസ്താനിൽ നിന്നുള്ള ഭീകര നേതാക്കളെ പങ്കെടുപ്പിക്കാറുണ്ടെന്നും പോലീസ് വ്യക്തമാക്കി.
2013 ൽ ബംഗ്ലാദേശിൽ ഉണ്ടായ തീവെയ്പ്പിൽ ഇരു സംഘടനകളുടെയും പങ്ക് ചോദ്യം ചെയ്യലിൽ വ്യക്തമായിട്ടുണ്ടെന്ന് ധാക്കയിലെ ഡിറ്റക്ടീവ് ബ്രാഞ്ച് ജോയിന്റ് കമ്മീഷണർ മഹ്ബൂബ് അലം അറിയിച്ചു. മത തീവ്രവാദം വളർത്താനാണ് ഇവർ ശ്രമിക്കുന്നത്. ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ബംഗ്ലാദേശ് സന്ദർശനത്തിന്റെ പേരിൽ ഉണ്ടായ കലാപത്തിലൂടെ നേതാക്കൾ ശ്രമിച്ചതും ഇതിനാണ്. കലാപത്തിൽ പങ്കെടുത്ത കൂടുതൽ പേർക്കായി പൊലീസ് അന്വേഷണം നടത്തുന്നുണ്ട്. ഇതിന്റെ ഭാഗമായി കലാപത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പരിശോധിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.