ബംഗ്ലാദേശിൽ തീവ്ര ഇസ്ലാമിക സംഘടനാ നേതാക്കൾ അറസ്റ്റിൽ

ധാക്ക : ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സന്ദർശനത്തിന്റെ മറവിൽ  കലാപം സൃഷ്ടിച്ച സംഭവത്തിൽ കുറ്റവാളികൾക്കെതിരെ നടപടിയുമായി ബംഗ്ലാദേശ് സർക്കാർ. കലാപങ്ങൾക്ക് നേതൃത്വം നൽകിയ ഹെഫാസത്-ഇ- ഇസ്ലാം, ജുനൈദ് അൽ ഹബീബ് എന്നീ തീവ്ര ഇസ്ലാമിക സംഘടനകളിലെ ഉന്നത നേതാക്കളെ അറസ്റ്റ് ചെയ്തു. ഇരു സംഘടനകളുടെ സ്ഥാപക നേതാക്കൾ ഉൾപ്പെടെ ഏഴ് പേരെയാണ് അറസ്റ്റ് ചെയ്തത്.

കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ വിവിധയിടങ്ങളിൽ നിന്നാണ് സുരക്ഷാ സേന തീവ്ര ഇസ്ലാമിസ്റ്റുകളെ  പിടികൂടിയത്. അറസ്റ്റിലായവരിൽ ഹെഫാസത്- ഇ ഇസ്ലാം കേന്ദ്ര കമ്മിറ്റി ജോയിന്റ് സെക്രട്ടറി ജുനൈദ് അൽ ഹബീബും ഉൾപ്പെടുന്നുണ്ട്. കഴിഞ്ഞ ദിവസം ധാക്കയിൽ നിന്നുമാണ് ഇയാളെ മെട്രോ പോളിറ്റൻ  പൊലീസ്‌ അറസ്റ്റ് ചെയ്തത്. ഇയാൾക്ക് പുറമേ സംഘടനാ അസിസ്റ്റന്റ് ജനറൽ സെക്രട്ടറി ജലാലുദ്ദീൻ അഹമ്മദുൾപ്പെടെ 100 ലധികം കലാപകാരികളും അറസ്റ്റിലായിട്ടുണ്ട്.

പ്രധാനമന്ത്രി ബംഗ്ലാദേശിൽ എത്തിയാൽ വലിയ കലാപം സൃഷ്ടിക്കുമെന്ന് പ്രഖ്യാപനം നടത്തിയത് ജുനൈദ് ആണെന്നാണ് വിവരം. ധാക്കയിൽ നടന്ന അക്രമ സംഭവങ്ങളുടെ പ്രധാന സൂത്രധാരൻ ജുനൈദ് ആണ്. കൂടുതൽ വിവരങ്ങൾക്കായി ഇയാളെ ചോദ്യം ചെയ്തുവരികയാണെന്ന് പൊലീസ്‌ വ്യക്തമാക്കി.

മാർച്ച് 26,27 തിയതികളിലാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി ബംഗ്ലാദേശ് സന്ദർശിച്ചത്. സന്ദർശനത്തിന്റെ മറവിൽ വ്യാപക കലാപമാണ് തീവ്ര ഇസ്ലാമിക സംഘടനകൾ അഴിച്ചുവിട്ടത്. നാല് ദിവസം നീണ്ട കലാപത്തിൽ കോടിക്കണക്കിന് രൂപയുടെ നാശനഷ്ടങ്ങളാണ് രാജ്യത്ത് ഉണ്ടായത്.

 

Top