റോഹിങ്ക്യൻ ജനതയുടെ മടക്കം ; മ്യാൻമറിന് പട്ടിക കൈമാറി ബംഗ്ലാദേശ് സർക്കാർ

Bangladesh

ധാക്ക : മ്യാൻമറിലെ വംശീയ കലാപം ഭയന്ന് ബംഗ്ലാദേശിലെത്തിയ റോഹിങ്ക്യൻ അഭയാർത്ഥികളുടെ മടക്കവുമായി ബന്ധപ്പെട്ട് മ്യാൻമറിന് പട്ടിക കൈമാറി ബംഗ്ലാദേശ് സർക്കാർ.

ഏകദേശം 8,000 അഭയാർഥികളുടെ പട്ടികയാണ് ബംഗ്ലാദേശ് സർക്കാർ മ്യാൻമറിന് നൽകിയിരിക്കുന്നത്. തയാറെടുപ്പുകൾ പൂർണമായില്ലെന്ന് അറിയിച്ചു മ്യാൻമർ മന്ദഗതിയിലാക്കിയ നടപടികളാണ് ബംഗ്ലാദേശ് സർക്കാർ ഇപ്പോൾ വേഗത്തിലാക്കിയിരിക്കുന്നത്.

ഇരു രാജ്യങ്ങളും ബംഗ്ലാദേശ് തലസ്ഥാനമായ ധാക്കയിൽ നടത്തിയ ചർച്ചയിലാണ് ബംഗ്ലാദേശ് ആഭ്യന്തരമന്ത്രി അസുദുസമാൻ ഖാൻ ഔദ്യോഗികമായി മ്യാൻമർ ആഭ്യന്തരമന്ത്രി കെയ്വ് സ്വീയ്ക്ക് പട്ടിക കൈമാറിയത്.

1,673 കുടുംബങ്ങളിൽ നിന്നുള്ള 8,032 പേരുടെ പട്ടികയാണ് കൈമാറിയതെന്നും ഉടൻ തന്നെ തിരിച്ചയക്കൽ നടപടികൾ ആരംഭിക്കുമെന്നും ഖാൻ പറഞ്ഞു.

കഴിഞ്ഞ വർഷം ഓഗസ്റ്റിൽ മ്യാൻമറിലെ റാഖൈൻ സംസ്ഥാനത്ത് നടന്ന വംശീയഹത്യ ഭയന്ന് ഏകദേശം 700,000 റോഹിങ്ക്യൻ അഭയാർത്ഥികൾ ബംഗ്ലാദേശിൽ എത്തിച്ചേർന്നിട്ടുണ്ട്. ആഗോളതലത്തിലെ സമ്മർദം കാരണം മ്യാൻമർ ബംഗ്ലാദേശുമായി കരാറിൽ ഒപ്പുവെച്ചു ഇവരെ തിരിച്ചു കൊണ്ടുപോകാമെന്ന് വ്യക്തമാക്കിയിരുന്നു.

ജനുവരിയിൽ ആരംഭിക്കാനിരുന്ന തിരിച്ചയക്കൽ മ്യാൻമാർ ഭരണകൂടത്തിന്റെ തയാറെടുപ്പുകൾ പൂർണമാല്ലാത്തതിനാലും റോഹിങ്ക്യൻ അഭയാർഥികളുടെ ചില പ്രതിഷേധ പ്രകടനങ്ങൾ കാരണവും വൈകിയിരുന്നു. അഭയാർഥികളിൽ ഭൂരിഭാഗവും സുരക്ഷിതത്വത്തിന്റെ കാര്യത്തിൽ വ്യക്തമായ ഉറപ്പ് നൽകാതെ മടങ്ങാൻ അവർ ആഗ്രഹിക്കുന്നില്ലെന്ന് അറിയിച്ചിരുന്നു.

ബംഗ്ലാദേശിൽ തെക്കു കിഴക്കൻ മേഖലയിൽ ഒരു ദശലക്ഷത്തിലധികം വരുന്ന റോഹിങ്ക്യൻ അഭയാർഥികളാണ് താമസിക്കുന്നത്. ഇവരെയെല്ലാം തിരികെ മ്യാൻമറിൽ എത്തിക്കാൻ കഴിയുമെന്നാണ് പ്രതീക്ഷയെന്നും ബംഗ്ലാദേശ് ആഭ്യന്തരമന്ത്രി വ്യക്തമാക്കി.

ധാക്കയിൽ ഇപ്പോൾ ഒരു ട്രാൻസിറ്റ് ക്യാമ്പിന്റെ നിർമ്മാണം ആരംഭിച്ചിട്ടുണ്ടെന്നും അടുത്ത ആഴ്ച വീണ്ടും ഒന്നുകൂടി നിർമ്മിക്കുമെന്നും ബംഗ്ലാദേശ് അഭയാർഥി കമ്മീഷണർ അബുൽ കലാം സൂചിപ്പിച്ചു. മ്യാൻമറിലേക്ക് റോഹിങ്ക്യ അഭയാർഥികളെ തിരികെ കൊണ്ടുപോകുന്ന നടപടികളിൽ ബംഗ്ലാദേശ് ഐക്യരാഷ്ട്രസഭയുമായി ഒരു കരാർ ഒപ്പിവെച്ചിട്ടുണ്ട്.

തിരികെ എത്തുന്ന റോഹിങ്ക്യ ജനതയ്ക്ക് മ്യാൻമാർ സുരക്ഷിതവും , ഭയമില്ലാത്തതുമായ ജീവിത സാഹചര്യങ്ങൾ നൽകണം . അവർക്ക് നേരെ ഇനി അക്രമണങ്ങൾ ഉണ്ടാകരുതെന്നും അതിൽ മാറ്റമുണ്ടായാൽ ആഗോളതലത്തിൽ നിന്ന് ലഭിക്കുന്ന പ്രതികരണങ്ങൾ ശക്തമായിരിക്കുമെന്നും ഐക്യരാഷ്ട്രസഭ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

Top