ധാക്ക: ബംഗ്ലാദേശില്‍ വടക്കന്‍ പഞ്ചഗഢ് ജില്ലയില്‍ പൂജാരിയെ ക്ഷേത്രവളപ്പില്‍ കഴുത്തറുത്തു കൊന്നതിന്റെ ഉത്തരവാദിത്തം ഭീകരസംഘടനയായ ഇസ്ലാമിക് സ്റ്റേറ്റ് ഏറ്റെടുത്തു. സോഷ്യല്‍ മാധ്യമങ്ങളിലൂടെയാണ് ഭീകരര്‍ ഉത്തരവാദിത്തം ഏറ്റെടുത്തുകൊണ്ടുള്ള പ്രസ്താവന പുറത്തിറക്കിയത്.
വടക്കന്‍ ജില്ലയായ പഞ്ചഗഡിലാണ് സംഭവം നടന്നത്. ആക്രമികള്‍ ക്ഷേത്രത്തിന് നേരെ കല്ലെറിയുകയും ശബ്ദം കേട്ട് പുറത്തിറങ്ങിയ പൂജാരി ജ്ഞാനേശ്വര്‍ റായിയുടെ കഴുത്തില്‍ വെട്ടുകയുമായിരുന്നു. അമ്പതുകാരനായ റായി സംഭവ സ്ഥലത്തു തന്നെ മരിച്ചു.
രക്ഷപ്പെടുന്നതിന് മുമ്പ് തീവ്രവാദികള്‍ ക്ഷേത്രത്തിനു നേരെ വെടിവയ്ക്കുകയും ബോംബുകള്‍ എറിയുകയും ചെയ്തു. ശേഷം മോട്ടോര്‍ ബൈക്കില്‍ രക്ഷപ്പെടുകയായിരുന്നു. ബോംബേറില്‍ മറ്റ് രണ്ട്‌പേര്‍ക്ക് പരിക്കേറ്റിരുന്നു.
സുന്നി ഭൂരിപക്ഷ ബംഗ്ലദേശില്‍ മതന്യൂനപക്ഷങ്ങള്‍ക്കുനേരെ കഴിഞ്ഞ മാസങ്ങളിലുണ്ടായ ആക്രമണങ്ങളില്‍ ഒന്‍പതുപേരാണ് കൊല്ലപ്പെട്ടത്.