ബംഗ്ലാദേശ് ഓപ്പണര്‍ സെയ്ഫ് ഹസ്സന് കോവിഡ് സ്ഥിരീകരിച്ചു

ധാക്ക: ബംഗ്ലാദേശ് ക്രിക്കറ്റ് ടീമിലും കോവിഡ് സ്ഥിരീകരിച്ചു. ശ്രീലങ്കന്‍ പര്യടനത്തിന് മുന്നോടിയായുള്ള പരിശോധനയില്‍ ബാറ്റ്‌സ്മാന്‍ സെയ്ഫ് ഹസ്സന്‍, സ്‌ട്രെങ്ത് ആന്റ് കണ്ടീഷനിങ് കോച്ച് നിക് ലീ എന്നിവര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇരുവരോടും ഐസൊലേഷനില്‍ പ്രവേശിക്കാന്‍ ബംഗ്ലാദേശ് ക്രിക്കറ്റ് ബോര്‍ഡ് ആവശ്യപ്പെട്ടു.

17 താരങ്ങള്‍ക്കും ഏഴു കോച്ചിങ് സ്റ്റാഫിനുമാണ് കോവിഡ് പരിശോധന നടത്തിയത്. രണ്ടു പേര്‍ പോസിറ്റീവ് ആയതോടെ ടീമിന്റെ പരിശീലനം നീട്ടിവെച്ചു. ഈ മാസം 21-നാകും പരിശീലനം പുനരാരംഭിക്കുക. അതുവരെ എല്ലാവരും ക്വാറന്റീനില്‍ കഴിയേണ്ടിവരും.

നേരത്തെ ഓഗസ്റ്റ് 14ന് ദുബായില്‍ നടന്ന പരിശോധനയില്‍ നിക് ലീക്ക് കോവിഡ് പോസ്റ്റീവായിരുന്നു. 10 ദിവസത്തെ ഐസൊലേഷന് ശേഷം ഓഗസ്റ്റ് 23ന് വീണ്ടും പരിശോധന നടത്തുകയും നെഗറ്റീവ് ആയതിനെ തുടര്‍ന്ന് ലീ ധാക്കയിലെത്തുകയുമായിരുന്നു. ധാക്കയിലെത്തി 14 ദിവസം ക്വാറന്റീനില്‍ കഴിയുകയും ചെയ്തു. അതിനുശേഷം നടത്തിയ പരിശോധനയില്‍ വീണ്ടും പോസിറ്റീവ് ആകുകയായിരുന്നു.

Top