ബംഗ്ലാദേശ് നാല് ദിവസത്തെ ഇന്ത്യാ സന്ദര്‍ശനത്തിനായി ബംഗ്ലാദേശ് പ്രധാനമന്ത്രി ഷെയ്ഖ് ഹസീന ഇന്ന് ഡല്‍ഹിയിലെത്തും. നാളെ രാവിലെ ഡല്‍ഹി ഹൈദരാബാദ് ഹൗസില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി കൂടിക്കാഴ്ച നടത്തും. ടീസ്റ്റ നദീ കരാറിന് അന്തിമ രൂപം നല്‍കുകയെന്നതാണ് ഷെയ്ഖ് ഹസീനയുടെ സന്ദര്‍ശനത്തിന്റെ പ്രധാന അജണ്ട.
ആറ് വര്‍ഷത്തിന് ശേഷമാണ് ബംഗ്ലാദേശ് പ്രധാനമന്ത്രി ഷെയ്ഖ് ഹസീന ഔദ്യോഗിക സന്ദര്‍ശനത്തിനായി ഇന്ത്യയിലെത്തുന്നത്. ഉച്ചയോടെ ഡല്‍ഹിയിലെത്തുന്ന ഹസീന രാഷട്രപതി പ്രണബ് മുഖര്‍ജിയുടെ പ്രത്യേക ക്ഷണപ്രകാരം രാഷ്ട്രപതി ഭവനില്‍ തങ്ങും.
നാളെയാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായുള്ള ഉഭയകക്ഷി ചര്‍ച്ച. ചര്‍ച്ചയില്‍ വ്യാപാരം, അതിര്‍ത്തി സുരക്ഷ, ഊര്‍ജ്ജം, സൈബര്‍ സുരക്ഷ, ഊര്‍ജ്ജം, ഗതാഗതം തുടങ്ങിയ മേഖലകളുമായി ബന്ധപ്പെട്ട ഇരുപതിലധികം കരാറുകളിലും, ധാരണപത്രങ്ങളിലും ഇരു രാജ്യങ്ങളും ഒപ്പുവെക്കുമെന്ന് കേന്ദ്ര വിദേശകാര്യ മന്ത്രാലയം അറിയിച്ചു.
ബംഗ്ലാദേശിലെ അടിസ്ഥാന സൗകര്യ വികസനത്തിനായി അഞ്ച് ബില്യന്‍ ഡോളര്‍ സഹായം ഇന്ത്യ പ്രഖ്യാപിക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ട്. ടീസ്റ്റ നദീജല കരാറില്‍ ഇരു രാജ്യങ്ങളും അന്തിമ ധാരണയിലെത്തുമോ എന്നതാണ് മറ്റൊരു പ്രധാന കാര്യം. കരാറിന്റെ കരടിന് കഴിഞ്ഞ യുപിഎ സര്‍ക്കാരിന്റെ കാലത്ത് തന്നെ അന്തിമ രൂപമായിരുന്നു. എന്നാല്‍ പശ്ചിമ ബംഗാള്‍ സര്‍ക്കാരിന്റെ എതിര്‍പ്പാണ് പ്രധാന തടസ്സം.