ബംഗ്ലാദേശ് പ്രൈമറി വിദ്യാഭ്യാസ വകുപ്പ് മന്ത്രി പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രിയെ സന്ദര്‍ശിച്ചു

തിരുവനന്തപുരം: ബംഗ്ലാദേശ് പ്രൈമറി വിദ്യാഭ്യാസ വകുപ്പ് മന്ത്രി മുഹമ്മദ് സക്കീര്‍ ഹുസൈന്‍ വ്യാഴാഴ്ച പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി പ്രൊഫ. സി.രവീന്ദ്രനാഥിനെ സന്ദര്‍ശിച്ചു. സ്‌കൂള്‍ വിദ്യാഭ്യാസ രംഗത്ത് കേരളം ആര്‍ജ്ജിച്ചിട്ടുള്ള നേട്ടങ്ങള്‍ നേരില്‍ മനസ്സിലാക്കുന്നതിനാണ് ബംഗ്ലാദേശ് വിദ്യാഭ്യാസ മന്ത്രിയും സംഘവും സംസ്ഥാന വിദ്യാഭ്യാസ മന്ത്രിയെ കാണാനെത്തിയത്.

വിദ്യാഭ്യാസ രംഗത്തെ സാമൂഹിക ഇടപെടല്‍, വിദ്യാര്‍ത്ഥികള്‍ക്കുള്ള സൗജന്യ ഉച്ചഭക്ഷണ പദ്ധതി, അക്കാദമിക് നിലവാരം ഉയര്‍ത്തുന്നതിന് സ്വീകരിച്ചിട്ടുള്ള നടപടികള്‍, വിദ്യാഭ്യാസ മേഖല ഹൈ ടെക് ആക്കുന്നതിന് നടപ്പിലാക്കിയിട്ടുള്ള പരിപാടികള്‍ എന്നീ കാര്യങ്ങളെല്ലാം വിദ്യാഭ്യാസ മന്ത്രി വിശദീകരിച്ചു.

എട്ടാം ക്ലാസ് വരെയുള്ള മുഴുവന്‍ വിദ്യാര്‍ത്ഥികള്‍ക്കും ഉച്ചഭക്ഷണവും പാഠപുസ്തകങ്ങളും യൂണിഫോമും സൗജന്യമായി നല്‍കുന്ന പദ്ധതി തങ്ങളുടെ രാജ്യത്തും നടപ്പിലാക്കാന്‍ ആഗ്രഹമുണ്ടെന്ന് സക്കീര്‍ ഹുസൈന്‍ പറഞ്ഞു. ആധുനിക സാങ്കേതിക വിദ്യയുടെ സാദ്ധ്യതകള്‍ ഉപയോഗപ്പെടുത്തി വിജയകരമായി നടപ്പിലാക്കിക്കൊണ്ടിരിക്കുന്ന ഹൈടെക് പദ്ധതിയെ കുറിച്ച് സംഘാംഗങ്ങള്‍ വിശദമായി ചോദിച്ചറിഞ്ഞു. വിദ്യാഭ്യാസരംഗത്ത് കേരളം കൈക്കൊണ്ടിരിക്കുന്ന പുരോഗമനപരമായ ഇത്തരം പദ്ധതികളെ ബംഗ്ലാദേശ് മന്ത്രിയും സംഘവും അഭിനന്ദിച്ചു.

Top