തിരുവനന്തപുരം: ബംഗ്ലദേശ് പര്യടനത്തിനുള്ള ഇന്ത്യന്‍ വനിതാ ക്രിക്കറ്റ് ട്വന്റി20 ടീമില്‍ മലയാളി താരം മിന്നുമണി ഇടംപിടിച്ചു. വയനാട് മാനന്തവാടി ഒണ്ടയങ്ങാടി സ്വദേശിയായ മിന്നു പ്രഥമ വനിതാ പ്രീമിയര്‍ ലീഗില്‍ ഡല്‍ഹി ക്യാപിറ്റല്‍സ് താരമാണ്.ആദ്യമായാണ് ഇന്ത്യയുടെ സീനിയര്‍ ടീമില്‍ മിന്നു മണിക്ക് അവസരം ലഭിക്കുന്നത്. പ്രഥമ വനിതാട്വന്റി20 ടീമില്‍ മാത്രമാണ് മിന്നുവിനെ ഉള്‍പ്പെടുത്തിയിരിക്കുന്നത്.
പതിനാറാം വയസ്സില്‍ കേരള ക്രിക്കറ്റ് ടീമിലെത്തിയ മിന്നു 10 വര്‍ഷമായി കേരള ടീമുകളില്‍ സ്ഥിരാംഗമാണ്. 2019ല്‍ ബംഗ്ലദേശില്‍ പര്യടനം നടത്തിയ ഇന്ത്യന്‍ എ ടീമില്‍ അംഗമായിരുന്നു. ഏഷ്യാകപ്പ് ജൂനിയര്‍ ചാംപ്യന്‍ഷിപ്പിലും കളിച്ചിട്ടുണ്ട്.കേരളത്തില്‍നിന്ന് ഇന്ത്യന്‍ സീനിയര്‍ ടീമിലെത്തുന്ന ആദ്യ വനിതാ താരമാണ് മിന്നു മണി. മൂന്ന് ട്വന്റി20 മത്സരങ്ങളാണ് ഇന്ത്യ ബംഗ്ലദേശിനെതിരെ കളിക്കുന്നത്. മിര്‍പൂരിലാണ് മത്സരങ്ങള്‍.
ഇന്ത്യന്‍ വനിതാ ടീം: ഹര്‍മന്‍പ്രീത് കൗര്‍ (ക്യാപ്റ്റന്‍), സ്മൃതി മന്ഥന, ദീപ്തി ശര്‍മ, ഷെഫാലി വര്‍മ, ജെമീമ റോഡ്രിഗസ്, യാസ്തിക ഭാട്യ (വിക്കറ്റ് കീപ്പര്‍), ഹര്‍ലീന്‍ ഡിയോള്‍, ദേവിക വൈദ്യ, ഉമ ഛേത്രി (വിക്കറ്റ് കീപ്പര്‍), അമന്‍ജ്യോത് കൗര്‍, എസ്. മേഘ്‌ന, പൂജ വസ്ത്രകാര്‍, മേഘ്‌ന സിങ്, അഞ്ജലി സര്‍വാനി, മോണിക പട്ടേല്‍, റാഷി കനോജിയ, അനുഷ ബറേദി, മിന്നു മണി.