ധാക്ക: ബംഗ്ലാദേശ് ഇന്ന് പോളിങ്ബൂത്തിലേക്ക്. ഇപ്പോഴത്തെ പ്രധാനമന്ത്രിയായ ഷെയ്ഖ് ഹസീനയാണ് തെതഞ്ഞെടുപ്പിലെ പ്രധാനശ്രദ്ധാ കേന്ദ്രം. ജയിച്ചാല്‍ തുടര്‍ച്ചയായി മൂന്നുതവണ ബംഗ്ലാദേശില്‍ പ്രധാനമന്ത്രിയാകുന്ന നേതാവാകും ഹസീന.
തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് ബംഗ്ലാദേശിലും ധാക്കയിലും ശക്തമായ സുരക്ഷയാണ് സൈന്യം ഏര്‍പ്പെടുത്തിയിരിക്കുന്നത്. നഗരത്തിലൂടെ കടന്ന് പോകുന്ന എല്ലാ വാഹനങ്ങളും വിശദമായി പരിശോധിക്കുകയാണ്.
സ്ഫോടക വസ്തുക്കളോ ആയുധങ്ങളോ ഉണ്ടോ എന്നാണ് പ്രധാനമായും പരിശോധിക്കുന്നത്. പരസ്യപ്രചാരണം അവസാനിപ്പിച്ചതിന് ശേഷവും സംഘര്‍ഷങ്ങള്‍ നിലനിന്നിരുന്നു. ആറ് ലക്ഷം പൊലീസുകാരെയും സുരക്ഷാ സൈനികരെയുമാണ് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ വിന്യസിച്ചിരിക്കുന്നത്. നാല്‍പ്പതിനായിരത്തോളം ബൂത്തുകളിലായാണ് തെരഞ്ഞെടുപ്പ്.
ഭരണ പ്രതിപക്ഷപാര്‍ട്ടികള്‍ തമ്മിലുണ്ടായ സംഘര്‍ഷങ്ങളില്‍ 13 പേര്‍ കൊല്ലപ്പെടുകയും നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്. സാമൂഹ്യമാധ്യമങ്ങളിലൂടെ തെരഞ്ഞെടുപ്പിനെതിരെ കുപ്രചരണം നടത്തിയവര്‍ ധാക്കയുടെ പലഭാഗങ്ങളില്‍ നിന്ന് പിടിയിലായിട്ടുണ്ട്.
ജാതിയോ സംഗ്ഷദ് എന്നറിയപ്പെടുന്ന ബംഗ്ലാദേശ് പാര്‍ലമെന്റിന്റെ 350 സീറ്റുകളിലേക്കാണ് തിരഞ്ഞെടുപ്പ്. 50 എണ്ണം സ്ത്രീകളുടെ സംവരണ സീറ്റുകളാണ്. അഞ്ചുവര്‍ഷമാണ് പാര്‍ലമെന്റിന്റെ കാലാവധി.