പൂനെ: ഏകദിന ലോകകപ്പില്‍ ഇന്ത്യക്ക് തുടര്‍ച്ചയായ നാലാം ജയം. ബംഗ്ലാദേശിനെതിരെ ഏഴ് വിക്കറ്റിന്റെ ആധികാരിക ജയമാണ് ഇന്ത്യ സ്വന്തമാക്കിയത്. പൂനെ, മഹാരാഷ്ട്ര ക്രിക്കറ്റ് അസോസിയേഷന്‍ സ്‌റ്റേഡിയത്തില്‍ ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത ബംഗ്ലാദേശ് ലിറ്റണ്‍ ദാസ് (66), തന്‍സിദ് ഹസന്‍ (51), മഹ്മുദുള്ള (46) എന്നിവരുടെ കരുത്തില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 256 റണ്‍സാണ് അടിച്ചെടുത്തത്. മറുപടി ബാറ്റിംഗില്‍ ഇന്ത്യ 41.3 ഓവറില്‍ മൂന്ന് വിക്കറ്റ് മാത്രം നഷ്ടത്തില്‍ ലക്ഷ്യം മറികടന്നു. സെഞ്ചുറി നേടിയ വിരാട് കോലിയാണ് (103) ഇന്ത്യയുടെ ടോപ് സ്‌കോറര്‍. രോഹിത് ശര്‍മ (48 ശുഭ്മാന്‍ ഗില്‍ (53 കെ എല്‍ രാഹുല്‍ (34) നിര്‍ണായക പ്രകടനം പുറത്തെടുത്തു.
രോഹിത് – ഗില്‍ സഖ്യം മികച്ച തുടക്കമാണ് ഇന്ത്യക്ക് നല്‍കിയത്. ഇരുവരും ഓപ്പണിംഗ് വിക്കറ്റില്‍ 88 റണ്‍സിന്റെ അടിത്തറയിട്ടു. എന്നാല്‍ അര്‍ധ സെഞ്ചുറിക്ക് രണ്ട് റണ്‍ അകലെ രോഹിത് വീണു. ഹസന്‍ മഹ്മൂദിന്റെ പന്ത് പുള്‍ ചെയ്യാനുള്ള ശ്രമത്തില്‍ തൗഹിദ് ഹൃദോയ്ക്ക് ക്യാച്ച്. പിന്നാലെ മൂന്നാം വിക്കറ്റില്‍ കോലി – ഗില്‍ സഖ്യം 44 റണ്‍സ് കൂട്ടിചേര്‍ത്തു. എന്നാല്‍ ഗില്‍ മെഹിദി ഹസന്‍ മിറാസിന് വിക്കറ്റ് നല്‍കി. ശ്രേയസ് അയ്യര്‍ക്ക് (19) തിളങ്ങാനുമായില്ല. എന്നാല്‍ രാഹുലിനെ കൂട്ടുപിടിച്ച് കോലി വിജയത്തിലേക്ക് നയിച്ചു. 97 പന്തുകള്‍ നേരിട്ട കോലി നാല് സിക്‌സും ആറ് ഫോറും നേടി.
നേരത്തെ, മികച്ച തുടക്കമായിരുന്നു ബംഗ്ലാദേശിന്. ഒന്നാം വിക്കറ്റില്‍ തന്‍സിദ് – ലിറ്റണ്‍ സഖ്യം 93 റണ്‍സാണ് വിട്ടുകൊടുത്തത്. തന്‍സിദ് അതിവേഗത്തില്‍ റണ്‍സ് കണ്ടെത്തി. 43 പന്തുകള്‍ മാത്രം നേരിട്ട തന്‍സിദ് മൂന്ന് സിക്‌സും അഞ്ച് ഫോറും നേടി. തന്‍സിദിനെ വിക്കറ്റിന് മുന്നില്‍ കുടുക്കി കുല്‍ദീപ് യാദവാണ് ഇന്ത്യക്ക് ബ്രേക്ക് ത്രൂ നല്‍കി. പിന്നാലെ തുടരെ മൂന്ന് വിക്കറ്റുകള്‍ ബംഗ്ലാദേശിന് നഷ്ടമായി. ഷാന്റോയെ (8) ജഡേജ വിക്കറ്റിന് മുന്നില്‍ കുടുക്കി. മെഹിദി ഹസന്‍ മിറാസിനെ സിറാജിന്റെ പന്തില്‍ കെ എല്‍ രാഹുല്‍ ഗംഭീര ക്യാച്ചിലൂടെ മടക്കി. ദാസിനെ ജഡേജയും പുറത്താക്കിയതോടെ ബംഗ്ലാദേശ് നാലിന് 137 എന്ന നിലയിലായി.
പിന്നീട് തൗഹിദ് ഹൃദോയ് (16) – മുഷ്ഫിഖുര്‍ റഹീം (38) സഖ്യം 42 റണ്‍സ് കൂട്ടിചേര്‍ത്തു. എന്നാല്‍ ഹൃദോയിയ പുറത്താക്കി ഷാര്‍ദുല്‍ താക്കൂര്‍ ബ്രേക്ക് ത്രൂ നല്‍കി. മുഷ്ഫിഖറിനെ ബുമ്രയും തിരിച്ചയിച്ചു. എന്നാല്‍ വാലറ്റത്തെ കൂട്ടുപിടിച്ച് മഹ്മുദുള്ള ടീമിനെ മാന്യമായ സ്‌കോറിലേക്ക് നയിച്ചു. 36 പന്തുകള്‍ നേരിട്ട മഹ്മുദുള്ള മൂന്ന് വീതം സിക്‌സും ഫോറും നേടി. ബുമ്രയുടെ പന്തില്‍ ബൗള്‍ഡാവുകയായിരുന്നു താരം. മുസ്തഫിസുര്‍ റഹ്മാന്‍ (1), ഷൊറിഫുള്‍ ഇസ്ലാം (7) പുറത്താവാതെ നിന്നു.