bangloor conflict ;new train service started

train

ബാംഗ്ലൂര്‍ : ബാംഗ്ലൂര്‍ സംഘര്‍ഷത്തില്‍ കുടുങ്ങിയ മലയാളികളെ നാട്ടിലെത്തിക്കാനായി ബാംഗ്ലൂരില്‍ നിന്നും കേരളത്തിലേക്ക് രണ്ടു പ്രത്യേക ട്രെയിനുകള്‍.കേരളസര്‍ക്കാരിന്റെ ആവശ്യം അംഗീകരിച്ചാണ് തിരുവനന്തപുരത്തേക്കും കണ്ണൂരേക്കും ട്രെയിനുകള്‍ അനുവദിച്ചത്.

തിരുവനന്തപുരത്തേക്കുള്ള ട്രെയിന്‍ രാവിലെ 11.15നു ബാംഗ്ലൂര്‍ സിറ്റി സ്റ്റേഷനില്‍നിന്നു പുറപ്പെടും. കണ്ണൂരിലേക്കുള്ള ട്രെയിന്‍ വൈകിട്ട് 6.50 ന് പുറപ്പെടും. ഓണം പ്രമാണിച്ച് രണ്ടു സ്‌പെഷല്‍ ട്രെയിന്‍ കൂടി ബാംഗ്ലൂരില്‍ നിന്നും അനുവദിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ റെയില്‍വേ മന്ത്രി സുരേഷ് പ്രഭുവിനോട് ആവശ്യപ്പെട്ടിരുന്നു.

അതേസമയം, സംഘര്‍ഷം കണക്കിലെടുത്ത് കെഎസ്ആര്‍ടിസി പകല്‍ സര്‍വീസുകള്‍ നടത്തില്ല. ബാംഗ്ലൂര്‍ കലാപത്തിനിടെ വഴിയില്‍ കുടുങ്ങിയ യാത്രക്കാരെ നാലു കേരള റോഡ് ട്രാന്‍സ്‌പോര്‍ട്ട് ബസുകള്‍ ഹാസന്‍ മംഗളൂരു വഴി കാസര്‍കോട് എത്തിച്ചു.

കാസര്‍കോട്, പയ്യന്നൂര്‍, കണ്ണൂര്‍, തലശേരി ഡിപ്പോകളിലെ ബസുകളാണിത്. കോണ്‍വോയ് ആയിട്ടായിരുന്നു യാത്ര. രാവിലെ എട്ടരയോടെയെത്തിയ ബസുകളില്‍ കാസര്‍കോട് ഡിപ്പോയുടെ ബസ് ഇവിടെ യാത്ര അവസാനിപ്പിച്ചപ്പോള്‍ മറ്റു മൂന്നു ഡിപ്പോകളിലെയും ബസുകള്‍ അതത് ഡിപ്പോകളിലേക്കു പോയി.

കര്‍ണാടക പൊലീസിന്റെയൊന്നും സഹായമില്ലാതെ ജീവനക്കാര്‍ യാത്രക്കാരെ സുരക്ഷിതമായി കേരളത്തിലെത്തിച്ചു. മാണ്ഡ്യ വഴി പോകേണ്ട ബസുകള്‍ റൂട്ട് മാറ്റി ഹാസന്‍, മംഗളൂരു വഴിയാണ് കാസര്‍കോട്ടെത്തിയത്.

രാത്രി സാറ്റലൈറ്റ് സ്റ്റാന്‍ഡില്‍ കെഎസ്ആര്‍ടിസി ബസിനുനേരെ കല്ലേറുണ്ടായി. ബസിന്റെ പിന്‍വശത്തെ ചില്ലുകള്‍ തകര്‍ന്നു. കേടായ ബസ് മാറ്റി ഇടുമ്പോഴാണ് കല്ലേറുണ്ടായത്.

സര്‍വീസുകള്‍ ഏകോപിപ്പിക്കാന്‍ ഗതാഗത സെക്രട്ടറി ഇന്നു ബാംഗ്ലൂരിലെത്തും. മലയാളികളുടെ സുരക്ഷാ ക്രമീകരണങ്ങള്‍ ഏകോപിപ്പിക്കാന്‍ കര്‍ണാടക എമര്‍ജെന്‍സി കോ-ഓര്‍ഡിനേറ്ററും എടപ്പാള്‍ സ്വദേശിയുമായ കെ.കെ. പ്രദീപിനെ കര്‍ണാടക സര്‍ക്കാര്‍ നിയോഗിച്ചു.

Top