ചിത്രീകരണത്തിനായി ഇന്ത്യയിലെത്തിയ ബ്രിട്ടീഷ് നടി ബനിത സന്ധുവിന് കോവിഡ്. കവിത ആൻഡ് തെരേസ എന്ന ചിത്രത്തിന്റെ ചിത്രീകരണത്തിനായിരുന്നു ബനിത സന്ധു കൊല്‍ക്കത്തയിലെത്തിയത്. കൊവിഡിന്റെ വകഭേദം സ്ഥിരീകരിച്ച യുവാവ് യാത്ര ചെയ്‍ത അതേ വിമാനത്തിലായിരുന്നു ബനിതയും ഉണ്ടായിരുന്നത്. കൊവിഡ് പ്രോട്ടോക്കോള്‍ പ്രകാരം തന്നെയാണ് ബനിത സന്ധുവിനെ ഇപ്പോള്‍ ആശുപത്രിയില്‍ പ്രവേശിപ്പിക്കുന്നത്.
ബനിതയ്‍ക്കും കൊവിഡ് വകഭേദം ബാധിച്ചിട്ടുണ്ടോയെന്ന് പരിശോധിക്കുന്നുണ്ട്. കോവിഡ് പോസിറ്റീവായതിനാല്‍ ബനിത സന്ധുവിനെ സര്‍ക്കാര്‍ ആശുപത്രിയിലേക്ക് ആംബുലൻസില്‍ എത്തിച്ചിരുന്നു. കൊവിഡ് വകഭേദം കണ്ടെത്തിയ ബ്രിട്ടനില്‍ നിന്ന് വന്നവരെ പ്രത്യേകമായി പാര്‍പ്പിക്കാൻ സംവിധാനമുള്ള, കൊല്‍ക്കത്തിയിലെ സര്‍ക്കാര്‍ ആശുപത്രിയിലേക്കായിരുന്നു കൊണ്ടുവന്നത്. എന്നാല്‍ ആശുപത്രിയില്‍ അടിസ്ഥാന സൗകര്യങ്ങളില്ലെന്ന് ആരോപിച്ച് ബനിത ആംബുലൻസില്‍ നിന്ന് ഇറങ്ങാൻ തയാറായില്ല. ആംബുലൻസിൽ നിന്ന് പുറത്തിറങ്ങാൻ അവർ തയ്യാറാകാത്തതിനാൽ ഞങ്ങൾക്ക് സംസ്ഥാന സെക്രട്ടേറിയറ്റിനെയും ആരോഗ്യ വകുപ്പിനെയും അറിയിക്കേണ്ടി വന്നുവെന്ന് ആരോഗ്യപ്രവര്‍ത്തകര്‍ പറയുന്നു. പ്രോട്ടോക്കോളിന് വിരുദ്ധമായ രീതിയില്‍ പോകാൻ ഞങ്ങൾക്ക് കഴിയാത്തതിനാൽ ബ്രിട്ടീഷ് ഹൈക്കമിഷനെ അറിയിച്ചു. ഒടുവില്‍ ആരോഗ്യവകുപ്പിന്റെ അനുമതിയോടെ ഒരു സ്വകാര്യ ആശുപത്രിയില്‍ ഒറ്റപ്പെട്ട ക്യാബിനില്‍ പാര്‍പ്പിക്കുകയാണ് ഉണ്ടായത് എന്നും ആരോഗ്യപ്രവര്‍ത്തകര്‍ പറയുന്നു.
കൊവിഡിന്റെ വകഭേദം വന്നിട്ടുണ്ടോയെന്ന് അറിയാൻ ബനിത സന്ധുവിന്റെ സാമ്പിളുകള്‍ പരിശോധനയ്‍ക്ക് അയച്ചിട്ടുണ്ട്.കൊവിഡ് വകഭേദം കണ്ടെത്തിയാല്‍ അതിന് അനുസരിച്ചുള്ള പ്രോട്ടോക്കോള്‍ പിന്തുടരുമെന്നും ആരോഗ്യപ്രവര്‍ത്തകര്‍ പറയുന്നു.