തിരുവനന്തപുരം:പ്രളയ ദുരിതം അനുഭവിക്കുന്ന ആളുകള്‍ക്ക് പ്രഖ്യാപിച്ചിരുന്ന അടിയന്തര സഹായം വൈകുന്നു. 10,000 രൂപയാണ് സഹായ ധനം പ്രഖ്യാപിച്ചിരുന്നത്. സാങ്കേതിക പ്രശ്‌നങ്ങളാണ് ഇതിനു പിന്നിലെ കാരണം. പലയിടത്തും പ്രളയ ബാധിതരുടെ വിവര ശേഖരണം പോലും പൂര്‍ത്തിയാക്കാന്‍ സാധിച്ചിട്ടില്ല. എല്ലാവര്‍ക്കും ബാങ്ക് അക്കൗണ്ടുകള്‍ ഇല്ലാത്തതാണ് പ്രതിസന്ധിയ്ക്ക് കാരണം.
എന്നാല്‍ അടുത്ത ആഴ്ചയോടെ എല്ലാവര്‍ക്കും പണം കിട്ടുമെന്നാണ് ധനമന്ത്രി തോമസ് ഐസക്ക് ഉറപ്പു നല്‍കുന്നത്. സര്‍ക്കാര്‍ പണം അനുവദിച്ച് കഴിഞ്ഞെന്നും അദ്ദേഹം വ്യക്തമാക്കി. ബ്ലോക്ക് അടിസ്ഥാനത്തില്‍ ദുരിതബാധിതരുടെ പേരുവിവരങ്ങള്‍ ശേഖരിച്ചു കൊണ്ടിരിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
പ്രളയ ദുരന്തമനുഭവിക്കുന്ന സംസ്ഥാനത്ത് വലിയ ചെലവു ചുരുക്കല്‍ നയങ്ങള്‍ ഏര്‍പ്പെടുത്തുമെന്ന് ധനമന്ത്രി തോമസ് ഐസക്ക് പറഞ്ഞിരുന്നു. കടുത്ത സാമ്പത്തിക അച്ചടക്കമാണ് സംസ്ഥാനത്ത് ഉണ്ടാവുക. ബജറ്റില്‍ പ്രഖ്യാപിച്ചിരുന്ന പല പദ്ധതികളും മാറ്റിവയ്ക്കും. അടിയന്തര പ്രാധാന്യമില്ലാത്ത പദ്ധതികള്‍ മാറ്റും.ഏതൊക്കെ പദ്ധതികളാണ് മാറ്റേണ്ടതെന്ന് അതാത് വകുപ്പുകള്‍ക്ക് തീരുമാനിക്കാമെന്നും അദ്ദേഹം വിശദീകരിച്ചു.
എല്ലാ സര്‍ക്കാര്‍ നിയമനങ്ങളിലും നിയന്ത്രണം വരും. പ്രാധാന്യമനുസരിച്ച് മാത്രമായിരിക്കും നിയമനമെന്നും ധനമന്ത്രി പറഞ്ഞു. പുനര്‍ നിര്‍മ്മാണത്തിന്‍ 20,000 കോടി രൂപ വേണം. നഷ്ടപരിഹാരത്തിനും റോഡ് നിര്‍മ്മാണത്തിനും മാത്രമായി 5000 കോടി രൂപയാണ് വേണ്ടത്.