ജാഗ്രത! വാട്‌സ്ആപ്പിലൂടെ ബാങ്ക് വിവരങ്ങള്‍ ചോര്‍ത്തുന്നു

whatsapp

നിരവധി ആളുകള്‍ ഉപയോഗിക്കുന്ന ചാറ്റ് പ്ലാറ്റ്‌ഫോം ആയതുകൊണ്ട് തന്നെ തട്ടിപ്പുകാരുടെയും വിഹാര കേന്ദ്രമായി മാറിക്കൊണ്ടിരിക്കുകയാണ് വാട്‌സ്ആപ്പ്.

പുതിയ റിപ്പോര്‍ട്ട് അനുസരിച്ച് ബാങ്ക് അക്കൗണ്ട് വിവരങ്ങള്‍ ചോര്‍ത്തുന്ന സംഘം വാട്‌സ്ആപ്പിലും ജോലി തുടങ്ങിക്കഴിഞ്ഞു.

യു.കെയിലാണ് സംഭവം നടന്നത്. ഉപഭോക്താക്കള്‍ ഒട്ടും കുറവല്ലാത്തതിനാല്‍ ഇത് ഉടന്‍ തന്നെ ഇന്ത്യയിലും എത്തുമെന്ന് വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കുന്നു.

യു.കെയിലെ സൈബര്‍ക്രൈം സെന്ററായ ‘ആക്ഷന്‍ഫ്രോഡ്’ ആണ് ഇതുസംബന്ധിച്ച വിവരങ്ങള്‍ പുറത്തുവിട്ടത്.

വാട്‌സ്ആപ്പ് ട്രയല്‍ പിരീഡ് കഴിഞ്ഞുവെന്നും ഇനിയും തുടര്‍ന്ന് ഉപയോഗിക്കണമെങ്കില്‍ ഏതെങ്കിലും സബ്‌സ്‌ക്രിപ്ഷന്‍ സ്‌കീം തെരഞ്ഞെടുത്ത് ഓണ്‍ലൈന്‍ പേമെന്റ് ചെയ്യാനും ആവശ്യം ഉന്നയിച്ച് മെസ്സേജ് എത്തും.

ഇതിനായി സര്‍വീസ് പോര്‍ട്ടലില്‍ ലോഗിന്‍ ചെയ്യാനുള്ള ലിങ്കും ഒപ്പം നല്‍കുന്നുണ്ട്. ഈ പേജില്‍ പോയാല്‍ 0.99 GBP അഥവാ 83 രൂപ നല്‍കിയാല്‍ ജീവിതകാലം മുഴുവന്‍ വാട്‌സ്ആപ്പ് ഉപയോഗിക്കാം എന്ന ഓഫര്‍ കാണാം. ഈ വാഗ്ദാനത്തില്‍പ്പെട്ട് ബാങ്ക് വിവരങ്ങള്‍ ഇവിടെ നല്‍കിയാല്‍ എല്ലാം തീര്‍ന്നുവെന്ന് കരുതിക്കോളൂ.

യു.കെയില്‍ ഉള്ളത്ര ഉപഭോക്താക്കള്‍ ഇന്ത്യയിലും വാട്‌സ്ആപ്പിനുണ്ട്. അതുകൊണ്ടുതന്നെ ഈ തട്ടിപ്പ് ഉടന്‍തന്നെ ഇന്ത്യയിലും എത്തും എന്നതില്‍ സംശയമില്ല.

ഈയിടെ ആപ്പ് വഴി പണമിടപാടുകള്‍ നടത്താന്‍ നാഷണല്‍ പേമെന്റ്‌സ് കോര്‍പറേഷന്‍ ഓഫ് ഇന്ത്യയുടെ അനുവാദം വാട്‌സ്ആപ്പിനു ലഭിച്ചിരുന്നു.

യു.പി.ഐ വഴി നടത്തുന്ന ഇത്തരം പണമിടപാടുകള്‍ക്ക് പണം സ്വീകരിക്കുന്ന ആളിന്റെ ബാങ്ക് അക്കൗണ്ട് വിവരങ്ങള്‍ ആവശ്യമില്ല. ഇതാദ്യമായാണ് ഒരു മൊബൈല്‍ ആപ്ലിക്കേഷന് മള്‍ട്ടി ബാങ്ക് പാര്‍ട്ണര്‍ഷിപ്പിനുള്ള അനുവാദം ലഭിക്കുന്നത്.

Top