രഹസ്യങ്ങൾ എല്ലാം പരസ്യമാണ് ; ഇന്ത്യക്കാരുടെ ബാങ്ക് അക്കൗണ്ട് വിവരങ്ങള്‍ ഓൺലൈനിൽ

ഇന്‍ഡോര്‍: നാം രഹസ്യമെന്ന് കരുതുന്ന നമ്മുടെ അക്കൗണ്ട് വിവരങ്ങള്‍ പരസ്യമാണെന്ന് പുതിയ കണ്ടെത്തൽ.

ഇന്ത്യക്കാരുടെ ഡെബിറ്റ്/ ക്രെഡിറ്റ് കാര്‍ഡ് വിവരങ്ങള്‍, കാര്‍ഡ് ഏത് ബാങ്കുമായി ബന്ധപ്പെട്ടിരിക്കുന്നു, അതിന്റെ സിവിവി നമ്പര്‍ എത്രയാണ്, ഇമെയില്‍ ഐഡി എന്താണ് തുടങ്ങിയ വിവരങ്ങള്‍ ഓണ്‍ലൈന്‍ വഴി വെറും 500 രൂപയ്ക്ക് വില്‍പനയ്ക്ക് വെച്ചിട്ടുള്ളതായി മധ്യപ്രദേശ് പൊലീസിന്റെ സൈബര്‍സെല്‍ വിഭാഗം.

ഒരു പാകിസ്താന്‍ പൗരന്റെ നേതൃത്വത്തില്‍ ലാഹോറില്‍ പ്രവര്‍ത്തിച്ചിരുന്ന അന്താരാഷ്ട്ര സംഘത്തെ പൊലീസ് കണ്ടെത്തിയിരുന്നു. ഇന്ത്യയിൽ നിന്നും ഇവർക്ക് സഹായം ലഭിക്കുന്നുണ്ട്.

ഇവരാണ് ഇന്ത്യന്‍ ബാങ്ക് ഉപയോക്താക്കളുടെ വിവരങ്ങള്‍ ഓൺലൈനില്‍ വില്‍പനയ്ക്ക് വെച്ചത്.

ഈ സംഘത്തെ ഓണ്‍ലൈന്‍ വഴി സമീപിച്ച അന്വേഷണ ഉദ്യോഗസ്ഥന് ഇന്‍ഡോര്‍ സ്വദേശിനിയായ ഒരു യുവതിയുടെ ഡെബിറ്റ് കാര്‍ഡ് വിവരങ്ങൾ ലഭിച്ചു.

സംഘത്തിന് ബിറ്റ്‌കോയിനുകള്‍ നല്‍കിയാണ് ഉദ്യോഗസ്ഥന്‍ അത് വാങ്ങിയത്. തട്ടിപ്പുമായി ബന്ധപ്പെട്ട് മുംബൈയില്‍ പ്രവര്‍ത്തിച്ചിരുന്ന രണ്ട് പേരെ പൊലീസ് അറസ്റ്റ് ചെയ്തു.

ഓഗസ്റ്റ് 28ന് 72,401 രൂപ നഷ്ടപ്പെട്ടതായി കാണിച്ച് ജയ് കിഷന്‍ എന്ന ബാങ്ക് ഉദ്യോഗസ്ഥന്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് മധ്യപ്രദേശ് സൈബര്‍ സെല്‍ അന്വേഷണം ആരംഭിച്ചത്.

മുംബൈയിലെ രാജ് കുമാര്‍ പിള്ള എന്നയാളാണ് ജയ് കിഷന്റെ കാര്‍ഡ് ഉപയോഗിച്ച് വിമാന ടിക്കറ്റുകള്‍ വാങ്ങിയത്.

പൊലീസ് ഇദ്ദേഹത്തെ പിടികൂടുകയും ചെയ്തു. അതേസമയം ഒടിപി ആവശ്യമില്ലാത്ത അന്താരാഷ്ട്ര വെബ്‌സൈറ്റുകളില്‍ മാത്രമാണ് തട്ടിപ്പ് സംഘം ഈ കാര്‍ഡുകള്‍ ഉപയോഗിച്ചിരുന്നത്.

Top