ന്യൂഡല്‍ഹി: ഉത്തര്‍പ്രദേശിലെ ഫൈസാബാദില്‍ ബാങ്ക് ജീവനക്കാരിയെ മരിച്ച നിലയില്‍ കണ്ടെത്തി. പഞ്ചാബ് നാഷണല്‍ ബാങ്കിന്റെ ഡപ്യൂട്ടി മാനേജരായ ശ്രദ്ധ ഗുപ്തയെയാണ് വാടകവീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. ആത്മഹത്യാക്കുറിപ്പില്‍ ഐപിഎസ് ഉദ്യോഗസ്ഥന്‍ ഉള്‍പ്പെടെ രണ്ട് പൊലീസുകാരുടെ പേര് പരാമര്‍ശിച്ചിട്ടുണ്ട്.
രാവിലെ പാല്‍ക്കാരന്‍ വീട്ടിലെത്തി വിളിച്ചപ്പോള്‍ പ്രതികരണം ഉണ്ടായില്ല. നിരവധി തവണ വിളിച്ചിട്ടും വാതില്‍ തുറക്കാതിരുന്നതോടെ ജനല്‍ തുറന്നുനോക്കിയപ്പോഴാണ് ശ്രദ്ധയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടത്. തുടര്‍ന്ന് അയാള്‍ വീട്ടുടമസ്ഥനെ അറിയിക്കുകയായിരുന്നു. തന്റെ മരണത്തിന് ഉത്തരവാദികള്‍ രണ്ട് പൊലീസ് ഓഫീസര്‍മാരാണ് എന്നാണ് ആത്മഹത്യാക്കുറിപ്പില്‍ പറയുന്നത്. എന്നാല്‍ പൊലീസുകാര്‍ക്കെതിരായ പരാതി എന്താണെന്ന് വ്യക്തമല്ല.
32 കാരിയുടെ മരണത്തില്‍ അന്വേഷണം തുടങ്ങിയെന്ന് അയോധ്യ സീനിയര്‍ പൊലീസ് സൂപ്രണ്ട് ശൈലേഷ് പാണ്ഡെ അറിയിച്ചു. സംഭവത്തെ കുറിച്ച് ഉന്നതതല അന്വേഷണം വേണമെന്ന് സമാജ്വാദി പാര്‍ട്ടി അധ്യക്ഷന്‍ അഖിലേഷ് യാദവ് ആവശ്യപ്പെട്ടു.