ഒരു ലക്ഷം കോടി ക്ലബില്‍ ബാങ്ക് ഓഫ് ബറോഡ

മുംബൈ: ആഴ്ചയിലെ ആദ്യ വ്യാപാര ദിനത്തില്‍ വിപണിയില്‍ നേട്ടമുണ്ടാക്കി ബാങ്ക് ഓഫ് ബറോഡ ഓഹരികള്‍. ആദ്യഘട്ട വ്യാപാരത്തില്‍ ഓഹരിവില 194.9 രൂപയിലേക്കെത്തി. ഇന്ന് വിപണിയില്‍ 188 രൂപയിലാരംഭിച്ച ഓഹരി 6 രൂപയിലധികം നേട്ടത്തില്‍ വ്യാപാരം നടത്തി. സ്റ്റോക്കുവില ഉയര്‍ന്നതോടെ ഒരു ലക്ഷം കോടി ക്ലബില്‍ ഇടം നേടിയിരിക്കുകയാണ് ബാങ്ക് ഓഫ് ബറോഡ ഓഹരികള്‍. പൊതുമേഖലാ ബാങ്കുകളില്‍ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ മാത്രമാണ് നിലവില്‍ ഈ നേട്ടം കൈവരിച്ചിരിക്കുന്നത്. എസ്ബിഐയുടെ വിപണിമൂല്യം നിലവില്‍ 5.07 ലക്ഷം കോടി രൂപയാണ്.

2010 നവംബറില്‍ 205 രൂപയിലെത്തിയ ബാങ്ക് ഓഫ് ബറോഡ ഓഹരി 2015 ജനുവരി ആയപ്പോഴേക്കും 228 രൂപവരെ ഉയര്‍ന്നു. 2020 മേയ് ആയപ്പോഴേക്കും ഓഹരിവില വെറും 37.7 രൂപയിലേക്ക് കൂപ്പുകുത്തി. മികച്ച പാദഫലവും പ്രവര്‍ത്തനവും ഓഹരിയെ വീണ്ടും ജനകീയമാക്കി. കഴിഞ്ഞ ഒരു മാസത്തിനിടെ നിഫ്റ്റി 3.15% മുന്നേറിയപ്പോള്‍ ബാങ്ക് ഓഫ് ബറോഡ ഓഹരി 6.93% നേട്ടമുണ്ടാക്കി. ഇന്ന് മാത്രം വിപണിയില്‍ 45ലധികം വലിയ ഇടപാടുകളാണ് ഓഹരിയില്‍ ഉണ്ടായത്.

കഴിഞ്ഞ 5 വര്‍ഷത്തെ കണക്കെടുത്താല്‍ ബാങ്ക് ഓഫ് ബറോഡ ഓഹരി നിക്ഷേപകര്‍ക്ക് ലാഭം മാത്രമാണ് നല്‍കിയത്. 51.27% നേട്ടം ഈ കാലയളവില്‍ ഉണ്ടായി. മൂന്നു വര്‍ഷത്തെ ലാഭം 311.05 ശതമാനവും കഴിഞ്ഞ രണ്ടു വര്‍ഷത്തെ നേട്ടം 141.15 ശതമാനവുമാണ്. ഒരു വര്‍ഷത്തില്‍ നിക്ഷേപകന്റെ ലാഭം 103.47%. കഴിഞ്ഞ വര്‍ഷം മാര്‍ച്ചു പാദത്തിലെ ബാങ്കിന്റെ ലാഭം 1778.77 കോടിയായിരുന്നത് ഇക്കഴിഞ്ഞ മാര്‍ച്ചില്‍ 4775.33 കോടിയായി. ലാഭത്തിലുണ്ടായ വളര്‍ച്ച 168%. നേട്ടത്തിനു പിന്നാലെ നിക്ഷേപകര്‍ക്ക് ഡിവിഡന്റ് ആയി ഒരു ഓഹരിക്ക് 5.5 രൂപ നല്‍കാന്‍ ബോര്‍ഡ് യോഗത്തില്‍ തീരുമാനിച്ചിരുന്നു. നിലവില്‍ വിവിധ ബ്രോക്കറേജുകള്‍ ബാങ്കിന്റെ ഓഹരി വില 230 മുതല്‍ 240 രൂപ വരെ ടാര്‍ജറ്റ് ആയി നിര്‍ദ്ദേശിച്ചിട്ടുണ്ട്.

Top