യു.ഡി.എഫ് സ്ഥാനാർത്ഥിയെ വെട്ടിലാക്കി കൈരളി ചാനൽ !

പത്തനംതിട്ട: കോന്നിയിലെ യുഡിഎഫ് സ്ഥാനാര്‍ഥി പി മോഹന്‍രാജ് പ്രസിഡന്റായ അര്‍ബന്‍ സഹകരണ ബാങ്കിലെ വന്‍ ക്രമക്കേടുകള്‍ പുറത്ത്.

ജേഷ്ഠന്റെ മകന്റെ ഭാര്യയെ നിയമം മറികടന്ന് ബാങ്കില്‍ നിയമിച്ചതായുള്ള സഹകരണ വകുപ്പ് ഓഡിറ്റ് റിപ്പോര്‍ട്ട് ആണ് പുറത്ത് വന്നിരിക്കുന്നത്. സഹകരണ വകുപ്പില്‍ നിന്നും വിരമിച്ച ഉദ്യോഗസ്ഥനെ ചട്ടങ്ങള്‍ മറികടന്ന് ബാങ്കിന്റെ സെക്രട്ടറിയാക്കി നിയമിച്ച ശേഷമാണ് അടുത്ത ബന്ധുവിന് ബാങ്കില്‍ ജോലി തരപ്പെടുത്തി കൊടുത്തത്. കൈരളി വാര്‍ത്താ ചാനലാണ് ഇതുസംബന്ധിച്ച വാര്‍ത്ത പുറത്ത് വിട്ടത്.

പത്തനംതിട്ട നഗരത്തില്‍ സ്ഥിതിചെയ്യുന്ന അര്‍ബന്‍ സഹകരണ സംഘം നിലവില്‍ വന്ന കാലം മുതല്‍ ബാങ്കിന്റെ പ്രസിഡന്റ് ആണ് കോന്നിയിലെ യുഡിഎഫ് സ്ഥാനാര്‍ഥി പി മോഹന്‍രാജ്. അദ്ദേഹത്തിന്റെ സഹോദരന്റെ മകനും കോണ്‍ഗ്രസ് നേതാവും പത്തനംതിട്ട നഗരസഭ കൗണ്‍സിലറുമായ റോഷന്‍ നായരുടെ ഭാര്യ ധനുശ്രീയെ ആണ് സഹകരണ ചട്ടങ്ങള്‍ മറികടന്ന് ബാങ്കില്‍ പ്യൂണ്‍ ആയി നിയമിച്ചത്.

അര്‍ബന്‍ സഹകരണ ബാങ്കിലെ കളക്ഷന്‍ ഏജന്റ് ആയ തനുശ്രീയെ സഹകരണ ചട്ടങ്ങള്‍ മറികടന്ന് സ്ഥിരപ്പെടുത്തുക ആയിരുന്നു. അഞ്ചു വര്‍ഷത്തില്‍ കൂടുതല്‍ പ്രവര്‍ത്തി പരിചയമുള്ള കളക്ഷന്‍ ഏജന്റുമാരെ മാത്രമേ ബാങ്കില്‍ പ്യൂണ്‍ ആയി നിയമിക്കാന്‍ നിയമം ഉള്ളു.

എന്നാല്‍ മോഹന്‍രാജിന്റെ ഉറ്റ ബന്ധുവായ തനുശ്രീക്ക് പ്രവൃത്തി പരിചയം ഇല്ല. മാത്രമല്ല ആകെ ഏട്ട് ജീവനക്കാരുള്ള ബാങ്കില്‍ തനുശ്രീക്ക് വേണ്ടി തസ്തിക സൃഷ്ടിച്ചതോടെ അടക്കം രണ്ട് അറ്റന്‍ഡര്‍മാരായി. ജേഷ്ഠന്‍ മകന്റെ ഭാര്യയെ മോഹന്‍രാജ് പ്രത്യേക താല്‍പര്യമെടുത്ത് ബാങ്കില്‍ നിയമിക്കുകയായിരുന്നു.

പത്തനംതിട്ട കാതോലിക്കേറ്റ് കോളേജിലെ ഗസ്റ്റ് അധ്യാപകയായിരുന്ന തനുശ്രീ ജോലി രാജി വെച്ചാണ് ബാങ്കില്‍ സ്ഥിര നിയമനം നേടിയത്. മറ്റൊരു സഹകരണ ബാങ്കില്‍ നിന്നും സെക്രട്ടറിയായി വിരമിച്ച പി.ജി ജോണിനെ ബാങ്കിന്റെ സെക്രട്ടറിയായി മോഹന്‍ രാജ് പ്രത്യേക താല്‍പര്യമെടുത്ത് നിയമിച്ചിരുന്നതായും റിപ്പോര്‍ട്ടില്‍ പറയുന്നു.

ക്രമവിരുദ്ധമായി നിയമനം നേടിയ ജോണ്‍ ആണ് ചട്ടങ്ങള്‍ മറികടന്ന് തനുശ്രീയുടെ നിയമനം അംഗീകരിക്കണമെന്ന് ബോര്‍ഡിനോട് ആവശ്യപ്പെട്ടത്. തനുശ്രീയെ ബാങ്കില്‍ നിയമിച്ചിതായി ബാങ്ക് പ്രസിഡന്റ് കൂടിയായ മോഹന്‍രാജ് സമ്മതിച്ചിട്ടുണ്ട്.

നിലവില്‍ ഈ റിപ്പോര്‍ട്ട് സഹകരണ വകുപ്പ് അസിസ്റ്റന്റ്റ് രജിസ്ട്രാറുടെ പരിഗണയിലാണ്.

Top