banking re union

മുംബൈ: അസോസ്യേറ്റ് ബാങ്കുകളെ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (എസ്ബിഐ)യില്‍ ലയിപ്പിക്കാനുള്ള നീക്കത്തെപ്പറ്റി ഭിന്നാഭിപ്രായങ്ങള്‍. ആഗോള ബാങ്കിംഗില്‍ ആദ്യത്തെ 50 എണ്ണത്തില്‍പ്പെടുന്ന ഒരു ബാങ്ക് ഉണ്ടെന്നു കാണിക്കാനുള്ള അമിതാവേശമാണ് ലയനത്തിനു പിന്നിലെന്നു പലരും കരുതുന്നു.

ഇപ്പോള്‍ ലോകബാങ്കിംഗില്‍ 52-ാം സ്ഥാനത്താണ് എസ്ബിഐ. ലയനം കഴിഞ്ഞാല്‍ എസ്ബിഐയുടെ മൊത്തം ബിസിനസ് 39 ലക്ഷം കോടി രൂപ (58,000 കോടി ഡോളര്‍) ആകും. ലോക റാങ്കിംഗില്‍ 45-ാം സ്ഥാനത്തേക്ക് ഉയരാം. ജര്‍മനിയുടെ കൊമേഴ്‌സ് ബാങ്കിംഗിനു താഴെ ഫ്രാന്‍സിന്റെ നാറ്റിക്‌സിക്കു മുകളില്‍.

ഇങ്ങനെ വലുപ്പവും റാങ്കിംഗും കൂടുന്നതിനപ്പുറം ബാങ്കിംഗില്‍ മാറ്റമൊന്നും വരാനില്ല. കാലക്രമത്തില്‍ ഒരേ നഗരത്തില്‍ പല ശാഖകള്‍ ഉള്ളതില്‍ കുറേ എണ്ണം അടയ്ക്കാം. ബാങ്കുകളുടെ ട്രഷറി വിഭാഗം ഒന്നിപ്പിക്കാം. ഭരണം ഏകോപിപ്പിക്കുമ്പോള്‍ കുറേ തസ്തികകള്‍ ഒഴിവാക്കാം. ഇത്തരം ചില്ലറ നേട്ടങ്ങളേ ഉണ്ടാകു.

എന്നാല്‍ ലയനത്തില്‍ വേറെ അപായമുണ്ടെന്നാണു ചിലര്‍ ചൂണ്ടിക്കാട്ടുന്നത്. ഇപ്പോള്‍ എസ്ബിഐ രാജ്യത്തെ ബാങ്ക് ബിസിനസിന്റെ (നിക്ഷേപത്തിന്റെയും വായ്പയുടേയും) ആറിലൊന്ന് കൈയടക്കിയിട്ടുള്ള ബാങ്കാണ്. രാജ്യത്തെ ഏറ്റവും വലുത്. 16.71 ലക്ഷം കോടിയാണ് എസ്ബിഐയിലെ നിക്ഷേപം. 14.28 ലക്ഷം കോടി വായ്പയുണ്ട്. മൊത്തം വലുപ്പം 31 ലക്ഷം കോടി രൂപ.

അടുത്തുവരുന്ന ഐസിഐസിഐ ബാങ്കിന്റെ വലുപ്പം 7.2 ലക്ഷം കോടി രൂപ. മൂന്നാംസ്ഥാനത്തുള്ള ബാങ്ക് ഓഫ് ബറോഡയുടേത് 7.11 ലക്ഷം കോടി രൂപ.

ലയനം കഴിയുന്നതോടെ ഇന്ത്യയിലെ ബാങ്കിംഗ് ബിസിനസിന്റെ 23 ശതമാനം എസ്ബിഐയുടേതാകും. ഇങ്ങനെയൊരു കേന്ദ്രീകരണം നല്ലതല്ലെന്നാണു പലരും ചൂണ്ടിക്കാട്ടുന്നത്.

Top