തിരുവനന്തപുരം: അടുത്ത സാമ്പത്തിക വർഷം മുതൽ സഹകരണ ബാങ്കുകൾക്കുളള ബാങ്കിങ് നിയന്ത്രണ ഭേദഗതി നിയമം നടപ്പാക്കണമെന്ന് വ്യക്തമാക്കി കേന്ദ്ര ധനമന്ത്രാലയത്തിന്റെ വിജ്ഞാപനം. നേരത്തെ ഈ നിയമം പാർലമെന്റ് പാസാക്കിയിരുന്നെങ്കിലും അർബൻ ബാങ്കുകൾക്കും പ്രാഥമിക കാർഷിക വായ്പ സംഘങ്ങൾക്കുമായിരുന്നു ഇത് ബാധകം. എന്നാൽ നിയമം പ്രാബല്യത്തിൽ വരുന്നതോടെ കേരള ബാങ്കിനും മലപ്പുറം ജില്ലാ സഹകരണ ബാങ്കിനും കൂടെ ഇത് ബാധകമായേക്കും. ആർബിഐ കൂടി വിജ്ഞാപനം ഇറക്കുന്നതോടെയാണ് നിയമം പ്രാബല്യത്തിലാകുന്നത്.
കഴിഞ്ഞ മാസമായിരുന്നു കേരള ബാങ്കിന്റെ ഡയറക്ടർ ബോർഡിനെ തെരഞ്ഞെടുത്തിരുന്നത്. അപ്പോൾ നിയമം പ്രാബല്യത്തിൽ വന്നിട്ടില്ലാത്തതിനാൽ നിയമത്തിലെ വ്യവസ്ഥകൾ ഈ തെരഞ്ഞെടുപ്പിന് ബാധകമായിരുന്നില്ല. പുതിയ നിയമപ്രകാരം കേരള ബാങ്കിന്റെ ബോർഡ് ഓഫ് ഡയറക്ടേഴ്സ്, ബോർഡ് ഓഫ് മാനേജ്മെന്റ് എന്നിവയുടെ ഘടനയിൽ അഴിച്ചുപണി വേണ്ടിവരും.