ദുബായ് : 2017ല്‍ ശക്തമായ നിലയിലായിരുന്നു യുഎഇ ബാങ്കുകളെന്ന് യുഎഇ ബാങ്ക്‌സ് ഫെഡറേഷന്റെ(യുബിഎഫ്) പുതിയ റിപ്പോര്‍ട്ട്. സാമ്പത്തിക രംഗത്തിന്റെ വൈവിധ്യവല്‍ക്കരണവും, ഉയര്‍ന്ന സര്‍ക്കാര്‍ ചെലവിടലും, വ്യാപാരത്തിലെ വളര്‍ച്ചയുമെല്ലാം ,യുഎഇയുടെ സമ്പദ് വ്യവസ്ഥയ്ക്ക് ആക്കം കൂട്ടിയത്.
2017ല്‍ 1.7 ശതമാനമാണ് യുഎഇയുടെ സമ്പദ് വ്യവസ്ഥ വികസിച്ചത്. നിക്ഷേപത്തിലെ സുസ്ഥിരമായ വളര്‍ച്ചയാണ് ഇത് കാണിക്കുന്നത്. ഉപഭോക്തൃ ആത്മവിശ്വാസം മികച്ച നിലയിലാണെന്നതും യുബിഎഫ് റിപ്പോര്‍ട്ടില്‍ വ്യക്തമാണ്. എണ്ണ വില സ്ഥിരത കൈവരിക്കുന്നതും, സാമ്പത്തിക രംഗത്തിലെ പുരോഗതിയുമെല്ലാം, യുഎഇയുടെ ബാങ്കിംഗ് മേഖലയ്ക്കും ഗുണകരമാകുമെന്ന് റിപ്പോര്‍ട്ടില്‍ വിലയിരുത്തുന്നു. ആരോഗ്യകരമായ വളര്‍ച്ചയാണ് നിക്ഷേപത്തിന്റെ കാര്യത്തില്‍ ബാങ്കുകള്‍ രേഖപ്പെടുത്തുന്നത്. ബാങ്കുകള്‍ക്ക് മികച്ച മൂലധനശേഷിയുമുണ്ടെന്ന് യുഎഇ ബാങ്ക്‌സ് ഫെഡറേഷന്‍ ചെയര്‍മാന്‍ അബ്ദുള്‍ അസീസ് അല്‍ ഗുറയ്ര് പറഞ്ഞു.
സാമ്പത്തിക രംഗം മെച്ചപ്പെട്ടതിനെ തുടര്‍ന്ന് യുഎഇ ബാങ്കിംഗ് രംഗത്ത് മികച്ച വളര്‍ച്ചയാണ് ഉണ്ടാകുന്നത്. നിക്ഷേപത്തിന്റെ കാര്യത്തിലും വായ്പയുടെ കാര്യത്തിലും അത് പ്രകടമാകുന്നുണ്ടെന്നും യുഎഇ ബാങ്ക്‌സ് ഫെഡറേഷന്‍ വ്യക്തമാക്കി. യുബിഎഫിന്റെ വാര്‍ഷിക ട്രസ്റ്റ് ഇന്‍ഡെക്‌സ് സര്‍വ്വേയുടെ ഫലവും വാര്‍ഷിക റിപ്പോര്‍ട്ടില്‍ പരാമര്‍ശിക്കപ്പെട്ടു. യുഎഇയിലെ റീട്ടെയ്ല്‍ ബാങ്കിംഗ് ഉപഭോക്താക്കളില്‍ 93 ശതമാനവും തങ്ങളുടെ ബാങ്കുകളുടെ സേവനത്തില്‍ സംതൃപ്തരാണെന്നാണ് സര്‍വ്വേയില്‍ വ്യക്തമാക്കുന്നത്.