ഉപഭോക്താക്കളെ തിരിച്ചറിയാന്‍ വീഡിയോ കെ.വൈ.സിക്ക് റിസര്‍വ് ബാങ്കിന്റെ അനുമതി

മുംബൈ: വീഡിയോ ഉപയോഗിച്ച് ഉപഭോക്താക്കളെ തിരിച്ചറിയാനുള്ള നടപടികള്‍ക്ക് (വി -സിപ്) ആര്‍.ബി.ഐ. അനുമതി. ഉപഭോക്താക്കളെ തിരിച്ചറിയുന്നതിനുള്ള ഇ- കെ.വൈ.സി.യുടെ ഭാഗമായി വീഡിയോ സംവിധാനത്തിനാണ് ആര്‍.ബി.ഐ. അനുമതി നല്‍കിയിരിക്കുന്നത്.

വീഡിയോ വഴി ഉപഭോക്താവിന്റെ ഫോട്ടോയും തിരിച്ചറിയല്‍ രേഖകളും കെ.വൈ.സി.ക്കായി നല്‍കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. ഉപഭോക്താക്കളെ തിരിച്ചറിയുന്നതിന് പുതിയ വഴിതുറന്നിരിക്കുകയാണ് ഇതിലൂടെ. ഉപഭോക്താക്കളുടെ അനുമതിയോടെ മാത്രമേ വി – സിപ് നടത്താന്‍ കഴിയൂ. ഇതോടെ സാമ്പത്തികസ്ഥാപനങ്ങള്‍ക്ക് നിയമപ്രകാരമുള്ള കെ.വൈ.സി. നടപടികള്‍ എളുപ്പത്തില്‍ പൂര്‍ത്തിയാക്കാനാകും.

സൂക്ഷ്മ, ചെറുകിട, ഇടത്തരം സ്ഥാപനങ്ങളെക്കുറിച്ച് പഠിക്കാന്‍ നിയോഗിച്ച യു.കെ. സിന്‍ഹ സമിതിയാണ് വീഡിയോ കെ.വൈ.സി. സംബന്ധിച്ച് ശുപാര്‍ശ നല്‍കിയത്. നിലവിലുള്ള ഇ – കെ.വൈ.സി. സംവിധാനത്തിന് ഉപഭോക്താവ് സ്ഥലത്തുണ്ടായിരിക്കണമെന്ന് നിര്‍ബന്ധമാണ്. കൂടുതല്‍ ഡേറ്റ കൈകാര്യംചെയ്യേണ്ടതുമുണ്ട്. ഇതിനു പരിഹാരമായി ഫോട്ടോയും രേഖകളും വീഡിയോ ചാറ്റ് വഴി ലഭ്യമാക്കി വീഡിയോ – കെ.വൈ.സി. നടപ്പാക്കാനായിരുന്നു ശുപാര്‍ശ.

ഉപഭോക്താവ് രാജ്യത്തുണ്ടോ എന്ന് അറിയുന്നതിനായി വീഡിയോ എടുക്കുമ്പോള്‍ ജിയോടാഗിങ് നിര്‍ബന്ധമാക്കിയിട്ടുണ്ട്. ആധാര്‍വഴിയായിരിക്കും ഇതിന്റെ വെരിഫിക്കേഷന്‍ പൂര്‍ത്തിയാക്കേണ്ടത്.

Top