അക്കൗണ്ടില്ലെങ്കിലും ഇനി യുപിഐ സംവിധാനം വഴി ബാങ്കുകളുടെ ആപ്പിലൂടെയും ഇടപാട് നടത്താം

ഗൂഗിള്‍ പേ പോലെ ഇനി ബാങ്കുകളുടെ ഓൺലൈൻ പണമിടപാട് ആപ്പുകള്‍ വഴിയും അതാത് ബാങ്കുകളിൽ അക്കൗണ്ട് ഇല്ലെങ്കിലും പണമിടപാട് നടത്താൻ കഴിയും. ഐസിഐസിഐ ബാങ്കാണ് ഈ സൗകര്യത്തിന് തുടക്കമിട്ടത്. ബാങ്കിന്റെ ഐമൊബൈല്‍ ആപ്പ് ഐസിഐസിഐ ബാങ്കില്‍ അക്കൗണ്ട് ഇല്ലാത്തവര്‍ക്കും ഇനി ഡൗണ്‍ലോഡ് ചെയ്ത് ഉപയോഗിക്കാം. യുപിഐ സംവിധാനം വഴി ഏത് ബാങ്കിലെ അക്കൗണ്ടും ആപ്പുമായി ബന്ധിപ്പിക്കാം. പണമിടപാടിനു പുറമെ, ക്രഡിറ്റ് കാര്‍ഡ് ലഭിക്കാനും തത്സമയ വായ്പയക്ക് അപേക്ഷിക്കാനും സേവിങ്‌സ് ബാങ്ക് അക്കൗണ്ട് തുടങ്ങാനും സ്ഥിരനിക്ഷേപമിടാനും മ്യൂച്വല്‍ ഫണ്ടില്‍ നിക്ഷേപിക്കാനും ഇന്‍ഷുറന്‍സ് പ്രീമിയം അടയ്ക്കുന്നതിനും ആപ്പുവഴി കഴിയുന്നതാണ്.

എസ്ബിഐയുടെ ആപ്പും ഉടനെ ഇതിനായി ക്രമപ്പെടുത്തും. 30 ദിവസത്തിനുള്ളില്‍ എസ്ബിഐയുടെ യോനോ ആപ്പു വഴിയാണ് ഇതിന് സൗകര്യമൊരുക്കുന്നത്. പുതിയ ഡിജിറ്റല്‍ സംവിധാനങ്ങള്‍ക്ക് ആര്‍ബിഐയുടെ താല്‍ക്കാലിക വിലക്കുള്ളതിനാല്‍ എച്ച്ഡിഎഫ്‌സി ബാങ്കിന്റെ ആപ്പ് വൈകും. നാഷണല്‍ പേയ്‌മെന്റ് കോര്‍പറേഷന്‍ ഓഫ് ഇന്ത്യ(എന്‍പിസിഐ)യുടെ കണക്കുപ്രകാരം ഗൂഗിള്‍ പേ, ഫോണ്‍ പേ എന്നിവ വഴിയാണ് ഒക്ടോബറില്‍ 81 ശതമാനം ആപ്പു വഴിയുള്ള ഇടപാടുകളും നടന്നിട്ടുള്ളത്. ഇതിന്റെ മൂല്യമാകട്ടെ 1.65 ലക്ഷം കോടി രൂപയുമാണ്.

Top