കിട്ടാക്കടം കൈകാര്യം ചെയ്യാന്‍ സ്ഥാപനം: പ്രത്യേക സമിതിയെ നിയോഗിച്ചു

Banks India

മുംബൈ: ബാങ്കുകളുടെ കിട്ടാക്കടം പ്രതിസന്ധി പരിഹരിക്കാന്‍ ആസ്തി പുനര്‍വിന്യാസ സ്ഥാപനം രൂപവല്‍ക്കരിക്കുന്നതു സംബന്ധിച്ച നിര്‍ദേശം നല്‍കാന്‍ സര്‍ക്കാര്‍ പ്രത്യേക സമിതിയെ നിയോഗിച്ചു. പഞ്ചാബ് നാഷണല്‍ ബാങ്ക് നോണ്‍ എക്‌സിക്യൂട്ടീവ് ചെയര്‍മാന്‍ സുനില്‍ മേത്തയുടെ നേതൃത്വത്തിലാണു സമിതി രൂപീകരിച്ചിരിക്കുന്നത്.

21 പൊതുമേഖലാ ബാങ്കുകള്‍ക്കും സര്‍ക്കാരിന്റെ പൂര്‍ണ പിന്തുണയുണ്ടാകുമെന്ന് ധനമന്ത്രിയുടെ ചുമതല വഹിക്കുന്ന പിയൂഷ് ഗോയല്‍ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. ബാങ്ക് മേധാവികളുമായുള്ള ചര്‍ച്ചയ്ക്കുശേഷമാണു മന്ത്രി മാധ്യമങ്ങളെ കണ്ടത്. ബാങ്കുകള്‍ ലയിക്കണോ എന്നു തീരുമാനിക്കേണ്ടത് ബാങ്കുകള്‍ തന്നെയാണെന്നും അദ്ദേഹം പറഞ്ഞു.

അസറ്റ് റീകണ്‍സ്ട്രക്ഷന്‍ കമ്പനി (എആര്‍സി), അസറ്റ് മാനേജ്‌മെന്റ് കമ്പനി (എഎംസി) എന്നീ മാതൃകകളിലൊന്നു സ്വീകരിക്കാനാകുമോ എന്നാണു പരിശോധിക്കുന്നത്. പുറത്തുനിന്നുള്ള വിദഗ്ധരെ ഉള്‍പ്പെടുത്തി ബാങ്കുകള്‍ക്ക് മേല്‍നോട്ട സമിതി രൂപീകരിക്കാനാകുമോ എന്നും പരിശോധിക്കുന്നുണ്ട്.

Top