പഴം വില കുത്തനെ ഇടിഞ്ഞു; തുച്ഛ വിലയ്ക്ക് വിറ്റു തീർത്ത് കച്ചവടക്കാര്‍

കൊച്ചി: ഒരു ഭാഗത്ത് വിപണിയില്‍ പച്ചക്കറി വില കുതിച്ചുയരുമ്പോള്‍ കര്‍ഷകര്‍ക്കു കണ്ണീര്‍ സമ്മാനിച്ചു വാഴപ്പഴം വില കുത്തനെ ഇടിയുന്നു. എറണാകുളം നഗര പരിസരങ്ങളിലെ ചില്ലറ വിപണിയില്‍ ഇന്നു രാവിലെ മുതല്‍ ഏത്തക്കായയും ഞാലിപ്പൂവനും വിറ്റത് പത്തു രൂപയിലും കുറഞ്ഞ വിലയ്ക്ക്. വഴിയോര കച്ചവടക്കാര്‍ ആറു കിലോയിലേറെ വരുന്ന കുലകള്‍ മൊത്തത്തില്‍ എടുക്കുന്നവര്‍ക്കു തൂക്കം നോക്കാതെ 50 രൂപയ്ക്കു വിറ്റ് ഒഴിവാക്കുകയാണ്. കേരളത്തില്‍ ഏതാനും ദിവസങ്ങളായി തുടരുന്ന മഴയില്‍ ആവശ്യക്കാര്‍ കുറഞ്ഞതും മറ്റു സംസ്ഥാനങ്ങളില്‍ നിന്നു വന്‍ തോതില്‍ വാഴകുലയുമായി ലോറികള്‍ എത്തിയതുമാണു വിലയിടിവിനു കാരണം.

മരട്, എറണാകുളം മാര്‍ക്കറ്റുകളില്‍ കഴിഞ്ഞ ദിവസങ്ങളില്‍ തമിഴ്‌നാട്ടില്‍നിന്നു പതിവിലും കൂടുതല്‍ വാഴക്കുല ലോറികള്‍ എത്തിയതു വിലയിടിവിനു കാരണമായെന്നു കച്ചവടക്കാര്‍ പറയുന്നു. മാര്‍ക്കറ്റുകളിലെ മൊത്തക്കച്ചവടക്കാര്‍ സ്റ്റോക്കു തീരാത്തതിനാല്‍ വാങ്ങാന്‍ മടിച്ചതോടെ മിക്ക ലോറിക്കാരും പഴം തുച്ഛ വിലയ്ക്കു കൊടുത്തുപേക്ഷിച്ചു മടങ്ങുകയായിരുന്നു. ചില്ലറ കച്ചവടക്കാര്‍ കുറഞ്ഞ വിലയ്ക്കു ലേലം വിളിച്ചെടുത്ത് ഇതര സംസ്ഥാനക്കാരെ ഉപയോഗിച്ചു ഗുഡ്‌സ് ഓട്ടോകളില്‍ വഴിയോരങ്ങളിലും മാര്‍ക്കറ്റ് പരിസരത്തും കൊടുത്തു തീര്‍ക്കാനാണു ശ്രമിക്കുന്നത്.

വൈകുന്നേരങ്ങളിലാണു മിക്കപ്പോഴും പഴം വില്‍പന ചൂടു പിടിക്കുന്നത്. കഴിഞ്ഞ ഏതാനും ദിവസങ്ങളായി വൈകുന്നേരങ്ങളില്‍ ശക്തമായ മഴയായതോടെ ഉപഭോക്താക്കള്‍ കടയില്‍ കയറാതെ വീടണയുന്ന തിരക്കിലായി. ഇതോടെ ചില്ലറ വില്‍പനക്കാരുടെ കച്ചവടം മുടങ്ങി, സ്റ്റോക്ക് ഉയര്‍ന്നു. രണ്ടു ദിവസം കൊണ്ടു വിറ്റു തീര്‍ക്കേണ്ട കുലകള്‍ നാലു ദിവസത്തിലേറെ ഇരുന്നു പഴുത്തു പോകുന്ന സ്ഥിതി വന്നു. സ്റ്റോക്ക് കേടായി തുടങ്ങിയതോടെ നഷ്ടം സഹിച്ചു കുറഞ്ഞ വിലയ്ക്കു വില്‍ക്കാന്‍ ചില്ലറ വില്‍പനക്കാരും നിര്‍ബന്ധിതരായി. ഇതോടെ ഓര്‍ഡര്‍ നഷ്ടപ്പെട്ടാണു മൊത്തകച്ചവടക്കാര്‍ ഇതര സംസ്ഥാനങ്ങളില്‍ നിന്നു കുല എടുക്കുന്നത് നിര്‍ത്തിവച്ചത്. ഇതിനിടെ വന്ന ലോഡുകളാണു കനത്ത നഷ്ടം സഹിച്ചു വിറ്റൊഴിവാക്കേണ്ടി വന്നത്.

കഴിഞ്ഞ ആഴ്ചകളിലും സമാന അനുഭവം എറണാകുളം മാര്‍ക്കറ്റില്‍ ഉണ്ടായെന്നു കച്ചവടക്കാര്‍ പറയുന്നു. തമിഴ്‌നാട്ടിലും മഴ പ്രശ്‌നമായതോടെ വാഴക്കുല രണ്ടാം തരമായി വെട്ടിക്കയറ്റി വിടുകയാണ്. മഴ തുടര്‍ന്നാല്‍ കൃഷിസ്ഥലത്തു തന്നെ നശിച്ചു പോകാനുള്ള സാധ്യത കണ്ടാണ് ഇത്. അതുകൊണ്ടു തന്നെ കുറഞ്ഞ വിലയില്‍ വിപണിയിലെത്തുന്ന ഞാലിപ്പൂവന്‍, ഏത്തക്കായകള്‍ തിരിവു വിഭാഗത്തില്‍ പെട്ടാണു വരുന്നതും. മഴയില്‍ പച്ചക്കറി കൃഷി മൊത്തമായി നശിച്ചു പോയതോടെ തീവിലയ്ക്കാണു വിപണിയില്‍ എത്തുന്നത്. സര്‍ക്കാര്‍ ഇടപെടലില്‍ നേരിയ വിലക്കുറവ് ഉണ്ടായിട്ടുണ്ട് എന്നതു മാത്രമാണ് ആശ്വാസം. തക്കാളിക്ക് ഇന്ന് 80 രൂപയാണു വിപണി വില.

 

 

Top