എസ്ഡിപിഐ നിരോധിച്ചതുകൊണ്ട് കാര്യമില്ല; വര്‍ഗീയത കൂടുതല്‍ ശക്തിപ്പെടും: എംവി ഗോവിന്ദന്‍

തിരുവനന്തപുരം: എസ്ഡിപിഐയെ നിരോധിച്ചതുകൊണ്ട് കാര്യമില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. നിരോധനം കൊണ്ട് തീവ്രവാദ പ്രസ്ഥാനത്തെ ഇല്ലായ്മ ചെയ്യാനാവില്ല. നിരോധനത്തിന്റെ അനന്തരഫലമായി വർഗീയത കൂടുതൽ ശക്തിപ്പെടും. വർഗീയത ആളി കത്തിക്കേണ്ടത് ആർഎസ്എസിന്റെ ആവശ്യമാണെന്നും എംവി ഗോവിന്ദൻ പറഞ്ഞു. കാട്ടക്കടയിൽ സിഐടിയു സംഘടിപ്പിച്ച പരിപാടിയിൽ സംസാരിക്കുകയായിരുന്നു സിപിഎം സംസ്ഥാന സെക്രട്ടറി.

‘ആരെയെങ്കിലും നിരോധിച്ചതുകൊണ്ട് മാത്രം ഒരു തീവ്രവാദ പ്രസ്ഥാനത്തേയും ഇല്ലാതാക്കാൻ കഴിയില്ല. അതിന്റെ ഒരു ഭാഗത്തെ മാത്രം നിരോധിക്കാൻ പുറപ്പെട്ടാൽ ആ നിരോധനത്തിന്റെ ഭാഗമായുണ്ടാകുന്ന അനന്തരഫലമായി വർഗീയത കൂടുതൽ രൂപപ്പെടുകയും ശക്തിപ്പെടുകയുമാണ് ചെയ്യുക. ഭൂരിപക്ഷ വർഗീയത ന്യൂനപക്ഷ വർഗീയതയ്ക്ക് എതിരായിട്ടും ന്യൂനപക്ഷ വർഗീയത ഭൂരിപക്ഷ വർഗീയതയ്ക്ക് എതിരായിട്ടും പറയുന്നു. രണ്ടുവിഭാഗവും ആക്രമിക്കുന്നത് കേരള ഗവൺമെന്റിനെയാണ്’- അദ്ദേഹം പറഞ്ഞു.

പോപ്പുലർ ഫ്രണ്ട് കേന്ദ്രങ്ങളിൽ രാജ്യവ്യാപകമായി കേന്ദ്ര അന്വേഷണ ഏജൻസികൾ റെയ്ഡ് നടത്തിയിരുന്നു. നിരവധി നേതാക്കളെയും അറസ്റ്റ് ചെയ്തു. ഇതിന് പിന്നാലെ, എസ്ഡിപിഐ-പോപ്പുലർ ഫ്രണ്ടിനെ നിരോധിക്കാൻ കേന്ദ്ര ആഭ്യന്തരമന്ത്രാലയം ആലോചിക്കുന്നതായുള്ള വിവരങ്ങളും പുറത്തുവന്നു. ഇതിനോട് പ്രതികരിക്കവെയാണ് സിപിഎം സംസ്ഥാന സെക്രട്ടറി നിലാപാട് വ്യക്തമാക്കിയത്.

റെയ്ഡിൽ പ്രതിഷേധിച്ച് കേരളത്തിൽ പോപ്പുലർ ഫ്രണ്ട് നടത്തിയ ഹർത്താലിൽ വ്യാപക അക്രമം നടന്നിരുന്നു. ആസൂത്രിതമായാണ് അക്രമങ്ങൾ നടത്തിയതെന്നും സംസ്ഥാനത്ത് സമാധാന്തരീക്ഷം തകർക്കാൻ ശ്രമിക്കുകയാണെന്നും മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞിരുന്നു.

Top