ഓസ്ട്രേലിയയെ ട്രോളി സ്റ്റാര്‍ സ്‌പോട്ട്‌സ് പുറത്ത് വിട്ട പരസ്യത്തിനെതിരെ മുന്‍ ഓസ്ട്രേലിയന്‍ ഓപ്പണര്‍ മാത്യു ഹെയ്ഡന്‍ രംഗത്ത്. ഓസ്ട്രേലിയയുടെ ലിമിറ്റഡ് ഓവര്‍ പര്യടനത്തിന് മുന്‍പായി സ്റ്റാര്‍ സ്‌പോര്‍ട്‌സ് തയ്യാറാക്കിയ പരസ്യത്തില്‍ ഓസ്ട്രേലിയന്‍ ജേഴ്‌സിയണിഞ്ഞ കുട്ടികളെ നോക്കുന്ന ബേബി സിറ്ററായി മുന്‍ ഇന്ത്യന്‍ താരം വീരേന്ദര്‍ സെവാഗ് പ്രത്യക്ഷപ്പെടുന്നത്. പരസ്യം ചുരുങ്ങിയ സമയം കൊണ്ട് തന്നെ സാമൂഹ്യ മാധ്യമങ്ങളില്‍ വൈറലായി കഴിഞ്ഞു.
‘ ഞങ്ങള്‍ ഓസ്ട്രേലിയയിലേക്ക് പോയപ്പോള്‍ കുട്ടികളെ നോക്കാമോയെന്ന് അവര്‍ ചോദിച്ചു. ഞങ്ങള്‍ അവരോട് പറഞ്ഞു ഇങ്ങോട്ട് വരൂ ഞങ്ങള്‍ നോക്കാം പരസ്യത്തില്‍ സെവാഗ് പറയുന്നു. ‘ ഓസ്ട്രേലിയന്‍ ടീമിനെ ദുര്‍ബലരായി ചിത്രീകരിക്കുന്ന ഈ പരസ്യം മാത്യു ഹെയ്ഡനെ ചൊടിപ്പിച്ചു . പോസ്റ്റ് ഷെയര്‍ ചെയ്തുകൊണ്ട് സെവാഗിനെയും സ്റ്റാര്‍ സ്‌പോര്‍ട്‌സിനെയും മെന്‍ഷന്‍ ചെയ്ത ഹെയ്ഡന്‍ ഓസ്ട്രേലിയന്‍ ടീമിനെ ഒരിക്കലും തമാശയായി കാണരുതെന്നും നിലവില്‍ ആരാണ് ലോകകപ്പിനെ ബേബി സിറ്റ് ചെയ്യുന്നതെന്നോര്‍ക്കുന്നത് നല്ലതാണെന്നും ഹെയ്ഡന്‍ ട്വിറ്ററില്‍ കുറിച്ചു.
#BeWarned Never take Aussie’s for a joke Viru Boy @virendersehwag @StarSportsIndia Just remember who’s baby sitting the #WorldCup trophy https://t.co/yRUtJVu3XJ
— Matthew Hayden AM (@HaydosTweets) February 11, 2019
അടുത്തകാലത്ത് ക്രിക്കറ്റ് ആരാധകര്‍ക്കിടയില്‍ സംസാരവിഷയമായ വാക്കാണ് ബേബി സിറ്റര്‍. ടെസ്റ്റ് പരമ്പരയ്ക്കിടയില്‍ ഇന്ത്യന്‍ വിക്കറ്റ് കീപ്പര്‍ ഋഷഭ് പന്തിനെ ചൊടിപ്പിക്കാന്‍ ഓസ്ട്രേലിയന്‍ ക്യാപ്റ്റന്‍ ക്യാപ്റ്റന്‍ ടിം പെയ്ന്‍ ഉപയോഗിച്ചതും ഇതേ വാക്കാണ് . ഏകദിനത്തില്‍ ധോണിയെത്തുമ്പോള്‍ നിനക്ക് ജോലിയില്ലാതാകില്ലേ അതുകൊണ്ട് ഞാനും ഭാര്യയും സിനിമയ്ക്ക് പോകുമ്പോള്‍ നിനക്കെന്റെ കുട്ടികളെ നോക്കാമോ എന്നായിരുന്നു പെയ്‌നിന്റെ ചോദ്യം.
അതേ മത്സരത്തില്‍ തന്നെ പെയ്‌നിന് മറുപടി നല്‍കിയ പന്ത് പരമ്പരയ്ക്കിടെ ടിം പെയ്‌നിന്റെ ഭാര്യയ്ക്കും കുട്ടികള്‍ക്കൊപ്പം ചിത്രമെടുക്കാനും തയ്യാറായി. പ്രൊഫഷണല്‍ ബേബി സിറ്റര്‍ എന്ന് പറഞ്ഞാണ് ആ ചിത്രം പെയ്‌നിന്റെ ഭാര്യ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചത്.