bar-bribe-km mani-court

തിരുവനന്തപുരം: കെ എം മാണിക്കെതിരായ ബാര്‍ കോഴക്കേസ് പരിഗണിക്കുന്നത് മെയ് 30ലേക്ക് മാറ്റി. കോടതി അവധിയായതിനാല്‍ വിജ്ഞാപനത്തിലൂടെയാണ് കേസ് മാറ്റിയത്.

തിരുവനന്തപുരം പ്രത്യേക വിജിലന്‍സ് കോടതിയാണ് കേസ് പരിഗണിക്കുന്നത്. മാണിക്ക് ക്ലീന്‍ചിറ്റ് നല്‍കി വിജിലന്‍സ് എസ്പി ആര്‍ സുകേശന്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടാണ് കോടതിയുടെ പരിഗണനക്ക് വരുന്നത്.

കെ എം മാണി രണ്ട് തവണയായി 25 ലക്ഷം രൂപ കോഴ വാങ്ങിയെന്ന ആദ്യ കണ്ടെത്തല്‍ പൂര്‍ണ്ണമായും തള്ളിയാണ് എസ്പി ആര്‍ സുകേശന്‍ തുടരന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്.

മാണിക്ക് പണം നല്‍കിയതിന് തെളിവില്ലെന്നും ബാറുകള്‍ പൂട്ടിയത് മൂലം നഷ്ടമുണ്ടായ ബിജു രമേശ് സര്‍ക്കാരിനെ ഭീഷണിപ്പെടുത്താനാണ് കോഴ ആരോപണം ഉന്നയിച്ചതെന്നുമായിരുന്നു കണ്ടെത്തല്‍. ഇതിനെതിരെ പ്രതിപക്ഷ നേതാവ് വി എസ് അച്യുതാനന്ദന്‍ അടക്കമുള്ള ഹര്‍ജിക്കാര്‍ കോടതിയെ സമീപിച്ചു. സുകേശന്‍ ആദ്യം സമര്‍പ്പിച്ച വസ്തുതവിവര റിപ്പോര്‍ട്ട് പരിഗണിച്ച് മാണിയെ കുറ്റവിചാരണ ചെയ്യണമെന്നാണ് വിഎസിന്റെ ആവശ്യം.

എന്നാല്‍ ആദ്യ റിപ്പോര്‍ട്ടിന്മേല്‍ വിശദമായ വാദം കേട്ട കോടതി വീണ്ടും വാദം കേള്‍ക്കേണ്ടതില്ലെന്ന് വിജിലന്‍സ് കോടതിയെ അറിയിച്ചു. മുഴുവന്‍ എതിര്‍സത്യവാങ്മൂലങ്ങളും വന്നശേഷം തീരുമാനമെടുക്കാമെന്നായിരുന്നു വിജിലന്‍സ് കോടതി ജഡ്ജി ജോണ്‍ കെ ഇല്ലിക്കാടന്‍ സ്വീകരിച്ച നിലപാട്. വിജിലന്‍സ് കോടതിയിലെ വിചാരണ നിര്‍ത്തിവെക്കണമെന്ന് ആവശ്യപ്പെട്ട് കെ എം മാണി ഹൈക്കോടതിയെ സമീപിച്ചെങ്കിലും ആവശ്യം കോടതി തള്ളിയിരുന്നു.

Top