ബാര്‍ കോഴക്കേസ്; ചെന്നിത്തലക്കെതിരെ അന്വേഷണം നടന്നെന്ന വാദം പൊളിയുന്നു

തിരുവനന്തപുരം: ബാര്‍ കോഴക്കേസുമായി ബന്ധപ്പെട്ട് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയ്ക്കെതിരെ മുന്‍പ് അന്വേഷണം നടന്നെന്ന വാദം പൊളിയുന്നു. ബിജു രമേശ് നല്‍കിയ രഹസ്യ മൊഴിയുടെ അടിസ്ഥാനത്തില്‍ ചെന്നിത്തലയ്ക്കെതിരെ അന്വേഷണം നടന്നെന്ന വാദം ഉയര്‍ന്നിരുന്നു. എന്നാല്‍ ബിജു രമേശ് നല്‍കിയ രഹസ്യമൊഴിയില്‍ ചെന്നിത്തലയുടെ പേരില്ല. ബിജു രമേശിന്റെ രഹസ്യമൊഴിയുടെ പകര്‍പ്പ് പുറത്ത് വന്നതോടെയാണ് ഇക്കാര്യം വെളിപ്പെട്ടത്.

ചെന്നിത്തലയെ ബോധപൂര്‍വ്വം ഒഴിവാക്കിയെന്ന് ബിജു രമേശ് കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. 164 സ്റ്റേറ്റ്മെന്റ് കൊടുക്കുന്നതിന് മുന്‍പ് രമേശ് ചെന്നിത്തല വിളിച്ചിരുന്നു. രമേശ് ചെന്നിത്തലയുടെ കുടുംബാംഗങ്ങളും വിളിച്ച് ഉപദ്രവിക്കരുതെന്ന് പറഞ്ഞു. അതുകൊണ്ടാണ് 164 സ്റ്റേറ്റ്മെന്റില്‍ രമേശ് ചെന്നിത്തലയുടെ പേര് പറയാതിരുന്നതെന്നാണ് ബിജു രമേശ് പറഞ്ഞത്. ആഭ്യന്തര മന്ത്രിയായ ചെന്നിത്തല പിന്നീട് തന്നെ ബുദ്ധിമുട്ടിച്ചു. ജീവന് തന്നെ ഭീഷണിയുണ്ടായിരുന്നുവെന്നും ബിജു രമേശ് കൂട്ടിച്ചേര്‍ത്തു.

ബാര്‍ ലൈസന്‍സ് ഫീസ് കുറയ്ക്കാന്‍ ബാറുടമകള്‍ പിരിച്ച പണം കെപിസിസി പ്രസിഡന്റായിരുന്ന രമേശ് ചെന്നിത്തലയ്ക്കും മുന്‍ മന്ത്രിമാരായിരുന്ന കെ.ബാബുവിനും വി.എസ്.ശിവകുമാറിനും കൈമാറിയെന്നായിരുന്നു ബിജു രമേശിന്റെ വെളിപ്പെടുത്തല്‍. ചെന്നിത്തലക്ക് ഒരു കോടിയും കെ.ബാബുവിന് അന്‍പത് ലക്ഷവും ശിവകുമാറിന് 25 ലക്ഷവും കൈമാറിയെന്നാണ് ബിജു രമേശ് മാധ്യമങ്ങളോട് പറഞ്ഞത്.

Top