തിരുവനന്തപുരം: ബാര്‍ കോഴക്കേസില്‍ എക്‌സൈസ് മന്ത്രി കെ. ബാബുവിനെതിരെ കേസെടുത്താല്‍ ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയെയും ആരോഗ്യമന്ത്രി വി.എസ് ശിവകുമാറിനെയും എ ഗ്രൂപ്പ് കുടുക്കും.
ബാര്‍ കോഴക്കേസില്‍ മന്ത്രി സ്ഥാനത്തുനിന്നും കെ.എം മാണി രാജിവെച്ച സാഹചര്യത്തില്‍ ആരോപണവിധേയനായ കെ. ബാബുവിനെ ഗ്രൂപ്പു ഭേദമില്ലാതെ കോണ്‍ഗ്രസ് സംരക്ഷിക്കുന്നത് സര്‍ക്കാര്‍ വീഴാതിരിക്കാന്‍ വേണ്ടിയാണ്.
മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ വിശ്വസ്ഥനായ എ ഗ്രൂപ്പ് നേതാവ് മന്ത്രി കെ. ബാബുവിനെ സംരക്ഷിക്കുന്നതില്‍ ഗ്രൂപ്പു ഭേദമില്ലാതെ കോണ്‍ഗ്രസുകാര്‍ ഒറ്റക്കെട്ടാണ്. ബാര്‍ കോഴയില്‍ മാണിയെ ചേരിതിരിഞ്ഞ് ആകമിച്ചവര്‍പോലും ബാബുവിനെ സംരക്ഷിക്കാന്‍ ശക്തമായാണ് രംഗത്തിറങ്ങിയത്.
ബാബുവിനെതിരെ കേസെടുക്കുകയാണെങ്കില്‍ കോഴ വാങ്ങിയതായുള്ള ആരോപണം ഉയര്‍ന്ന ചെന്നിത്തലയെയും വി.എസ് ശിവകുമാറിനെയും കൂടി കുടുക്കുമെന്ന ഭീഷണിയാണ് എ ഗ്രൂപ്പ് ഉയര്‍ത്തിയിരിക്കുന്നത്. എ ഗ്രൂപ്പുമായി അടുപ്പമുള്ള ബാര്‍ ഉടമ ഇതുമായി ബന്ധപ്പെട്ട തെളിവുകള്‍ പുറത്തുവിടുമെന്നും മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
ഇതോടെ സര്‍ക്കാരിന് ഒന്നടങ്കം രാജിവെക്കേണ്ട അവസ്ഥ ഉണ്ടാകുമെന്ന് കണ്ടാണ് ബാബുവിനെ സംരക്ഷിക്കാന്‍ കോണ്‍ഗ്രസ് ഒറ്റക്കെട്ടായി പ്രതിരോധ കവചം തീര്‍ക്കുന്നത്.
കോഴയുമായി സമീപിച്ചപ്പോള്‍ പണം വേണ്ടെന്നു പറഞ്ഞ് മടക്കിയത് മന്ത്രി ആര്യാടന്‍ മുഹമ്മദും പി.കെ കുഞ്ഞാലിക്കുട്ടിയും മാത്രമാണെന്ന് ബിജു രമേശ് നേരത്തെ വെളിപ്പെടുത്തിയിരുന്നു. മറ്റു മന്ത്രിമാര്‍ പണം വാങ്ങിയിട്ടുണ്ടെന്നും ആവശ്യമായ ഘട്ടത്തില്‍ പുറത്തുവിടുമെന്നുമാണ് ബിജു രമേശ് പറഞ്ഞത്. ഇതിനിടെ മാണിയെ കത്തോലിക്കാസഭ വഴി അനുനയിപ്പിച്ച് ഒപ്പം നിര്‍ത്താനുള്ള നീക്കവും കോണ്‍ഗ്രസ് ആരംഭിച്ചിട്ടുണ്ട്.